ശ്രീജിത് കൃഷ്ണന്
കോടമഞ്ഞുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകള്‍ എന്നും യാത്രികരുടെ മനസ്സിന് എന്തെന്നില്ലാത്ത കുളിര്‍മ പകരുന്നവയാണ്. കൊടൈക്കനാല്‍ ഏറ്റവും വലിയ ഉദാഹരണം. കാലാവസ്ഥയുടെ സാദൃശ്യം കൊണ്ട് ഉത്തരകേരളത്തിന്റെ കൊടൈക്കനാലായി വിശേഷിപ്പിക്കപ്പെടുന്ന കാസർഗോഡ് ജില്ലയിലെ കോട്ടഞ്ചേരി കുന്നുകള്‍ സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്നത് കാടിന്റെ ഹൃദയസ്പന്ദനങ്ങളെ നേരിട്ട് തൊട്ടറിയാനുള്ള അവസരമാണ്.
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമപഞ്ചായത്തിലാണ് കോട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ നാള് മുമ്പേ സ്ഥാനം പിടിച്ച റാണിപുരത്തു നിന്ന് നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ റോഡുകള്‍ വഴി 35 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നേരിട്ട് വരുമ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തു നിന്നും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും 45 കിലോമീറ്ററാണ് കോട്ടഞ്ചേരിയിലേക്കുള്ള ദൂരം.
കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളില്‍ നിന്ന് മലയോര അതിര്‍ത്തികേന്ദ്രമായ കൊന്നക്കാട് വരെ ബസുകളുണ്ട്. ഇവിടെ നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള കോട്ടഞ്ചേരി കോളനി വരെയാണ് ടാറിട്ട റോഡുള്ളത്. യാത്രികര്‍ക്ക് സ്വന്തം വാഹനത്തിലോ ഓട്ടോറിക്ഷയിലോ ഇവിടം വരെയെത്താം. കോളനി കഴിഞ്ഞാല്‍ വനാതിര്‍ത്തിയാണ്. തുടര്‍ന്നുള്ള യാത്രയ്ക്ക് വനംവകുപ്പിന്റെ അനുമതിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയോ നാട്ടുകാരായ ആദിവാസികളുടെയോ സഹായവുമുണ്ടാകേണ്ടത് അനിവാര്യമാണ്.
കൊന്നക്കാട് നിന്ന് മഞ്ചുച്ചാല്‍ റോഡിലൂടെ മൂന്നുകിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ കാണാവുന്ന അച്ചന്‍കല്ല് വെള്ളച്ചാട്ടവും വീണ്ടും നാല് കിലോമീറ്റര്‍ അകലെയുള്ള തൂവല്‍പ്പാറ വെള്ളച്ചാട്ടവും സഞ്ചാരികളുടെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്.
മാനംമുട്ടെ വളര്ന്നുനില്ക്കുന്ന മരങ്ങളും സുഗന്ധം പരത്തുന്ന ഏലച്ചെടികളും വിശാലമായ പുല്‍പ്പരപ്പുകളും ഉച്ചസമയത്തു പോലും വെയില് വീഴാത്ത നിബിഡവനവും കൂടിക്കുഴയുന്നതാണ് കോട്ടഞ്ചേരിയുടെ ഭൂപ്രകൃതി. അപൂര്‍വ ഇനം പക്ഷികളുടെയും മലയണ്ണാനെ പോലുള്ള ജീവികളുടെയും ചിലമ്പലുകള്‍ മരങ്ങളുടെ മുകള്‍ത്തട്ടില്‍ നിന്ന് കേള്‍ക്കാം. മരങ്ങളുടെ ഉയരക്കൂടുതല്‍ കാരണം പലതിനെയും കാണാന്‍ സാധിച്ചെന്നു വരില്ല. പകല്‍സമയത്തുപോലും കാട്ടാനകളിറങ്ങുന്ന വഴിയായതിനാല്‍ തികഞ്ഞ ജാഗ്രതയോടുകൂടി മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികളും സഞ്ചാരികള്‍ക്ക് വഴികാണിച്ചുകൊടുക്കുകയുള്ളൂ.
കൈയകലത്തിനപ്പുറമുള്ള കാഴ്ചയെ പോലും മറയ്ക്കുന്ന വിധത്തിലാണ് പലപ്പോഴും കോടയിറങ്ങുന്നത്. ഏതുസമയത്തും കാലിലും ദേഹത്തും വന്നുവീഴാവുന്ന അട്ടകളെയും നേരിടണം. ഇതിനായി ഉപ്പുപൊതികള് കയ്യില്‍ കരുതേണ്ടിവരും. വനത്തിലൂടെ അരക്കിലോമീറ്ററോളം നടന്നാല്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ വാച്ച് സ്റ്റേഷനുണ്ട്. കാട്ടിലെ നടപ്പാത ഇവിടെവെച്ച് രണ്ടായി പിരിയും. നേരെ പോയാല്‍ തയ്യേനി കൂമ്പന്‍ എന്നറിയപ്പെടുന്ന കുന്നിന്റെ ഉച്ചിയിലെത്താം. വഴിതിരിഞ്ഞു പോകുന്നത് കാന്തന്പാറയിലേക്കാണ്. മറ്റൊരു വഴിയിലൂടെ അരക്കിലോമീറ്റര്‍ നടന്നാല്‍ കോടമഞ്ഞ് പുതച്ചുകിടക്കുന്ന പന്നിയാര്മാനിയിലെത്തും.
ചരിത്രാതീതകാലം മുതല്ക്കേ ആദിവാസികള്‍ തേനും കന്മദവും ശേഖരിക്കാനായി പോകുന്ന സ്ഥലമായിരുന്നു കാന്തന്‍പാറ. തേന്‍ ശേഖരണത്തിനിടയില്‍ ചെങ്കുത്തായ പാറയില്‍ നിന്ന് അഗാധമായ കൊക്കയിലേക്ക് വീണു മരിച്ചവരും നിരവധിയാണ്. അതുകൊണ്ടുതന്നെ കാന്തന്‍പാറയിലെ അപകടസാധ്യതകളെ കുറിച്ച് ആദിവാസികള്‍ക്കിടയില്‍ ചില മിത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനോടടുത്തായി നേരത്തേ ആദിവാസി കോളനികള്‍ ഉണ്ടായിരുന്നു. ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റവും കേരള-കര്‍ണാടക വനം വകുപ്പുകളുടെ ഇടപെടലും കൊണ്ട് ഇപ്പോള്‍ എല്ലാവരും അവിടെനിന്ന് മാറി. കര്‍ണാടകയുടെ ഭാഗത്തേക്കാണ് അധികം പേരും പോയത്. ഇപ്പോള്‍ ഈ പ്രദേശം കാട്ടാനകളുടെ വിഹാരരംഗമാണ്.
തയ്യേനി കൂമ്പന്‍ മലയിലേക്കുള്ള കയറ്റം തുടങ്ങുന്നത് ഏലക്കാടുകള്ക്കിടയിലൂടെയാണ്. കാട്ടുവഴിയോടു ചേര്‍ന്ന് നിര്‍മിച്ച ചെറിയൊരു വരമ്പാണ് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും വനാതിര്‍ത്തികളെ വേര്‍തിരിക്കുന്നത്. തൊട്ടകലെ കര്‍ണാടക വനം വകുപ്പിന്റെ ഓഫീസ് കാണാം. അതിര്‍ത്തിയോടു ചേര്‍ന്ന് കര്‍ണാടകയുടെ ഭാഗത്ത് മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന വലിയൊരു ജലാശയവുമുണ്ട്. ഇതിനടുത്തുകൂടി ഒഴുകുന്ന കൊച്ചരുവി കാസര്‍ഗോഡ് ജില്ലയുടെ മലയോരത്തെ ജലസമൃദ്ധമാക്കുന്ന ചൈത്രവാഹിനിപ്പുഴയുടെ തുടക്കമാണ്.
കാടിനു നടുവില്‍ ഏലച്ചെടികള്‍ വന്നതിനു പിന്നിലും ഒരു കഥയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടഞ്ചേരിയില്‍ കരിമ്പില്‍ എന്ന ജന്മികുടുംബത്തിന്റെ അധീനതയിലുള്ള ഒരു എസ്റ്റേറ്റുണ്ടായിരുന്നു. അക്കാലത്ത് കാടു വെട്ടിത്തെളിച്ച് ഏലവും കാപ്പിയും തേയിലയുമൊക്കെ കൃഷിചെയ്തിരുന്നു. പിന്നീട് ഈ സ്ഥലം വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ അന്നു നട്ട ഏലവും തേയിലയുമെല്ലാം കാടിനെ വാരിപ്പുണര്‍ന്നു. കാടിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞ കാര്‍ഷികവിളകളില്‍ ചിലത് ഇന്നും നിലനില്ക്കുന്നു. തഴച്ചുവളര്‍ന്ന് മരമായി മാറിയ തേയിലച്ചെടികളെയും ഇവിടെ കാണാം.
എസ്റ്റേറ്റിന്റെ വകയായ ഒരു കെട്ടിടവും കാടിനു നടുവില്‍ നാശോന്മുഖമായി നില്‍ക്കുന്നുണ്ട്. മേല്‍ക്കൂര ഏറെക്കുറെ തകര്ന്നുവീണുകിടക്കുന്ന കെട്ടിടത്തെ വള്ളിപ്പടര്‍പ്പുകള്‍ പൊതിഞ്ഞുനില്ക്കുകയാണ്. കാട്ടാനകള്‍ കയറിയിറങ്ങിയതിന്റെ അടയാളവും കാണാം. എസ്റ്റേറ്റുണ്ടായിരുന്ന കാലത്ത് അതിലെ തൊഴിലാളികള്‍ താമസിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. മലഞ്ചരക്കുകള്‍ സൂക്ഷിക്കുന്നതിനും ഏലം ഉണങ്ങാനിടുന്നതിനുമുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നു. എസ്റ്റേറ്റ് ഉടമകളും തൊഴിലാളികളും ആരാധന നടത്തിയിരുന്ന ഒരു സ്ഥാനത്തിന്റെ അവശിഷ്ടങ്ങളും തൊട്ടടുത്തായുണ്ട്.
എസ്റ്റേറ്റ് പ്രദേശം കഴിഞ്ഞാല്‍ പിന്നെ കുത്തനെയുള്ള കയറ്റമാണ്. സസ്യശാസ്ത്രജ്ഞര്‍ക്ക് വിരുന്നായേക്കാവുന്ന അപൂര്‍വ സസ്യങ്ങളും ഓര്‍ക്കിഡുകളും കാടിനു നടുവിലും പാറകള്‍ക്കിടയിലും വിരിഞ്ഞുനില്ക്കുന്നു. കാട്ടുപൊന്തകള്‍ക്കിടയിലെ ഇരുട്ടില്‍ ചില ദ്രുതചലനങ്ങളും കാണാം. നമ്മളറിയാതെ പല കണ്ണുകളും നമ്മെ വീക്ഷിക്കുന്നുണ്ടാകണം. തുടര്‍ന്നങ്ങോട്ട് കൂമ്പന്‍ മലയുടെ ഉച്ചി വരെ കഴുത്തറ്റം വളര്ന്നുനില്ക്കുന്ന പുല്ലുകളാണ്.
ചാഞ്ഞും ചെരിഞ്ഞും നില്ക്കുന്ന പാറകള്‍ക്കു നടുവില്‍ തണുത്ത കാറ്റിന്റെ ചിറകുകളുമായി കൂമ്പന്‍ തലയുയര്‍ത്തി നില്ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തോളം അടി ഉയരത്തിലുള്ള കൂമ്പന്റെ നിറുകയില്‍ കാല്‍വെച്ച് താഴേക്കു നോക്കുമ്പോള്‍ കോടയൊഴിയുന്ന സമയത്ത് റാണിപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ചെറുപുഴ മുതല്‍ പയ്യന്നൂര്‍ വരെയുള്ള പ്രദേശങ്ങളുടെ വിദൂര ദൃശ്യവും മറുവശത്ത് തലക്കാവേരിയും കാണാം. പഴയ കാലങ്ങളില്‍ ഇതുവഴി നിബിഡവനത്തിനുള്ളിലൂടെ തലക്കാവേരിയിലേക്ക് കാല്‍നടയായി യാത്രചെയ്തിരുന്നു.
വൈകിട്ട് അഞ്ചുമണിയാകുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങുന്നതാണ് കാടിന്റെ നിയമം. അതുകൊണ്ട് നാലു മണി കഴിയുമ്പോള്‍ തന്നെ തിരിച്ചിറങ്ങിയാലേ സന്ധ്യക്കു മുമ്പ് വനാതിര്‍ത്തി കടക്കാന്‍ കഴിയൂ. വഴികാട്ടികളില്ലാതെ എത്തിയ സഞ്ചാരികള്‍ വഴിതെറ്റി രാത്രിമുഴുവന്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. വനത്തിന്റെ സ്വാഭാവികതയ്ക്ക് തടസമുണ്ടാക്കുമെന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ടൂറിസം സംരംഭങ്ങള്‍ കോട്ടഞ്ചേരിയില്‍ തുറന്നിട്ടില്ല. കാടിന്റെ മനസറിഞ്ഞ് കൂടെ നടക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇവിടെ വരാനാകൂ.
ഇരുട്ട് പരക്കുമ്പോള്‍ കാടിന്റെ ശബ്ദവും മാറുന്നു. നിശ്ശബ്ദതയില്‍ ഇടയ്ക്കിടെ അമര്ന്നുകേള്ക്കുന്ന മൂളലുകള്‍. ചിലമ്പലുകള്‍ അവസാനിപ്പിച്ച് പക്ഷികളും ചേക്കേറാനുള്ള തിരക്കിലാണ്. കോടമഞ്ഞിന്റെ പുതപ്പിനടിയില്‍ കാട് മറയുമ്പോള്‍ മലയിറങ്ങി ടൗണിലെത്തുന്ന സഞ്ചാരികള്‍ വൈകിട്ട് ആറുമണിയാകുമ്പോഴും അസ്തമിച്ചിട്ടില്ലാത്ത സൂര്യന്റെ നിറവെളിച്ചത്തിലേക്ക് മടങ്ങുന്നു.