റെനീഷ് മാത്യു
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുന്പേ തീർക്കാൻ സർക്കാരും സിപിഎമ്മും. അറസ്റ്റിലായ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ ഉൾപ്പെടെ ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്നും നടപ്പിലാക്കിയത് സുഹൃത്തുക്കളും ചേർന്നാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ അടക്കമുള്ള സിപിഎം നേതാക്കൾ പറഞ്ഞിരുന്നു. പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ, കൊലപാതകം സംബന്ധിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ സിപിഎമ്മിലെ ഉന്നതനേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇത് അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണസംഘം തയാറായിട്ടില്ല.
കോൺഗ്രസ് നേതാക്കൾക്കെതിരേ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാകമ്മിറ്റിയംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെന്പറുമായ വി.പി.പി. മുസ്തഫ, ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ, മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ തുടങ്ങിയവർക്കെതിരേ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നിരുന്നു.
സിപിഎമ്മിലെ ഉന്നത നേതാക്കൾക്കെതിരേ അന്വേഷണം തിരിഞ്ഞാൽ അന്വേഷണം നീണ്ടുപോകാനാണ് സാധ്യത. ഇതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതിനാൽ പീതാംബരൻ ഉൾപ്പെടെയുള്ള ഏഴുപേരിൽ അന്വേഷണം ഒതുക്കാനാണ് നീക്കം.
മുഖ്യമന്ത്രി ഇന്ന് ജില്ല സന്ദർശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കൊലപാതകത്തിൽ ഏർപ്പെട്ടിട്ടുള്ള ഏഴുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം നടന്ന രണ്ടുദിവസത്തിനുള്ളിൽ കേസിലെ മുഖ്യപ്രതിയെന്നു പറയുന്ന എ. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അന്നുതന്നെ കൊലപാതകവുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വരും ദിവസങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സിബിഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായിരിക്കയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ നിർദേശിച്ചത്. കേസിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്ന നിർദേശം.
ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ്പി മുഹമ്മദ് റഫീഖ് ആണ് കേസ് അന്വേഷിക്കുന്നത്.. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.എം. പ്രദീപ്, കാസർഗോഡ് ക്രൈംബ്രാഞ്ച് സിഐ അബ്ദുൾഡ സലീം എന്നിവരും സംഘത്തിലുണ്ട്. സംഭവത്തിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയിൽ ഗൂഢാലോചന ഉൾപ്പെടുത്തിയിട്ടില്ലാത്തതും സിപിഎം ഉന്നത നേതാക്കളിലേക്കുള്ള അന്വേഷണത്തിന് തടസമാകും.