വടകര: കാസർകോട് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആർഎംപിഐ നേതാവ് കെ.കെ.രമ. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ലോക്കൽ സെക്രട്ടറിയെ മാത്രം കേസിൽപെടുത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
ഇരട്ട കൊലപാതകത്തിന് ടി.പി.വധക്കേസുമായി നിരവധി സാമ്യമുണ്ട്. ഒരുമാസം മുന്പ് പെരിയയിലെ പ്രാദേശിക നേതാവ് ശരത്ലാലിനും കൃപേഷിനുമെതിരെ കൊലവിളി പ്രസംഗം നടത്തിയിരുന്നു. മാത്രമല്ല, വാഹനം ഇടിച്ചുവീഴ്ത്തി ശരീരത്തിലുടനീളം വെട്ടുകയായിരുന്നു.
ഇതെല്ലാം കാണിക്കുന്നത് ഉന്നത നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷൻ സംഘമാണ് കൊലപാതകം ചെയ്തതെന്നു തന്നെയാണ്. പിണറായിയുടെ പോലിസ് അന്വേഷിച്ചാൽ ഈ കേസ് അട്ടിമറിക്കപ്പെടും. ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം ഗൂഢാലോചനക്കാരും പിടിയിലാകണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും രമ കൂട്ടിച്ചേർത്തു.
ആസൂത്രകർ പിടിയിലായാൽ മാത്രമെ രാഷ്ട്രീയ കൊലപാതങ്ങൾക്ക് അറുതിയാകു. സിപിഎമ്മിന്റെ അറുകൊല രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും രമ പറഞ്ഞു.