കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പ്രാദേശിക നേതൃത്വത്തിൽ ഒതുക്കാനും കാസർഗോഡിന് പുറത്തേക്ക് അന്വേഷണം വേണ്ടെന്നും ഉന്നതതല നിർദേശം.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ സിപിഎം പ്രവർത്തകരാണെന്നുമാണന്നുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം നടത്തിയത് പ്രൊഫഷണൽ ക്വട്ടേഷൻസംഘമാണെന്ന ആദ്യ നിഗമനത്തിൽ നിന്നും അന്വേഷണം സംഘം പിൻമാറിയത് ഉന്നതസമ്മർദംമൂലമെന്നാണ് സൂചന.
അറസ്റ്റിലായ മുൻ ലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരനിൽ കുറ്റമെല്ലാം ചുമത്തി രക്ഷപ്പെടാനുള്ള നീക്കമാണു പാർട്ടിതലത്തിലും പോലീസ് തലത്തിലും നടക്കുന്നത്. പ്രതികൾ സഞ്ചരിച്ച ജീപ്പിന്റെ ഉടമ സജി ജോർജിനെ പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തിരുന്നു. കൂടാതെ അഞ്ചുപേർ കൂടി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ട്. ഇവരുടെ അറസ്റ്റും കൂടി രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് കേസ് ഒതുക്കാനാണ് നീക്കം. സിബിഐ അന്വേഷണത്തിനായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പ്രതിപക്ഷവും ആവശ്യപ്പെട്ട സ്ഥിതിക്ക് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും നീക്കം നടക്കുന്നുണ്ട്.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിൽനിന്നു പോലീസിനുമേൽ ശക്തമായ സമ്മർദമുണ്ട്. ഒരു എംഎൽഎയും മുൻ എംഎൽഎയും കേസിൽ ഇടപെടുന്നതായിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇരുവർക്കുമെതിരേ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങൾ ആരോപണമുന്നയിച്ചിരുന്നു. അന്വേഷണം യാതൊരുകാരണവശാലും കാസർഗോഡ് ജില്ലയ്ക്കു പുറത്തേക്കു പോകരുതെന്ന നിർദേശവും പാർട്ടിതലത്തിൽനിന്നു പോലീസിനു ലഭിക്കുന്നുണ്ടത്രെ.
കണ്ണൂരിൽനിന്നുള്ള ക്വട്ടേഷൻ സംഘമാണു കൃത്യം നടത്തിയതെന്ന സംശയങ്ങൾക്കിടയിലാണു പാർട്ടിയിൽനിന്നുള്ള ഇത്തരത്തിലുള്ള ഇടപെടൽ. എല്ലാം താനാണു ചെയ്തതെന്ന തരത്തിൽ പീതാംബരൻ ഇന്നലെ നൽകിയ മൊഴിയും സംശയത്തിനിട നൽകുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ അന്വേഷണം ഈ നിലയ്ക്കുപോയാൽ കോടതിയിലെത്തുന്പോൾ കേസ് ദുർബലമാകുമെന്നു നിയമവൃത്തങ്ങളിൽനിന്ന് അഭിപ്രായമുയർന്നുകഴിഞ്ഞു.
ഇന്നലെ പോലീസ് കണ്ടെടുത്തതായി പറയുന്ന ആയുധങ്ങളെല്ലാം പിടിയില്ലാത്തതും പഴകിദ്രവിച്ചവയുമാണെന്നും മുൻനിശ്ചയിച്ചപ്രകാരം പാർട്ടി നേതൃത്വത്തിന്റെ അറിവോടെ കൊണ്ടിട്ടതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിർവഹിക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചതും പീതാംബരനാണെന്നാണ് പോലീസ് പറയുന്നത്.
പാർട്ടിയെ കൊലക്കുറ്റത്തിൽനിന്നു രക്ഷപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണു പീതാംബരന്റെ മൊഴിയെന്നാണു വിലയിരുത്തൽ. ഞായറാഴ്ച രാത്രി 8.30 ഓടെ കല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. ശരത്തും കൃപേഷും ബൈക്കിൽ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും വെട്ടുകയായിരുന്നു.