സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത് ഒൻപതംഗസംഘമെന്ന് അന്വേഷണസംഘം. കൊല നടത്തിയവരിൽ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. ഇനിയും രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.
പീതാംബരനും ഗജിനും ചേർന്നാണ് കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ട്.
ഇവർക്ക് ഗൂഢാലോചനയിൽ പങ്കുള്ള കാര്യം അന്വേഷണസംഘത്തിന്റെ പരിധിയിൽ വരാത്തത് നേതാക്കൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുമെന്ന ആരോപണവും ശക്തമാണ്.പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതും വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെടുത്തതും സിപിഎം കേന്ദ്രങ്ങളിൽനിന്നാണ്. ഇതു പള്ളിക്കര പഞ്ചായത്തിലെ സിപിഎം നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കി.
കഴിഞ്ഞദിവസം അറസ്റ്റിലായ ഗിജിൻ, അനിൽകുമാർ, അശ്വിൻ എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൊലയാളികൾ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ചോര പുരണ്ട വാളും രണ്ടു കൊടുവാളും ലഭിച്ചത്. ഗിജിനാണ് ഇവ പോലീസിനു കാട്ടിക്കൊടുത്തത്. സിപിഎം ഏരിയാ സെക്രട്ടറിയുടെയും ലോക്കൽ സെക്രട്ടറിയുടെയും വീടിനടുത്തുനിന്നാണ് ഇവ കണ്ടെടുത്തത്.
കൊലപാതകികൾ ഉപയോഗിച്ചതെന്നുകരുതുന്ന, അറസ്റ്റിലായ സജി ജോർജിന്റെ സൈലോ കാറും മറ്റൊരു ജീപ്പും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതും ഈ പ്രദേശത്തുനിന്നായിരുന്നു. ലോക്കൽ സെക്രട്ടറിയുടെ പറമ്പിനോടുചേർന്നായിരുന്നു ജീപ്പ് കണ്ടെത്തിയത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ കൊലപാതകം സംബന്ധിച്ച് ഇവർക്ക് അറിവുണ്ടെന്ന സംശയത്തിന് ശക്തിയേറുകയാണ്.
വാഹനങ്ങൾ എത്തിയത് യാദൃച്ഛികമാണെന്ന് അവകാശപ്പെടാമെങ്കിലും വസ്ത്രങ്ങളും ആയുധവും കണ്ടെത്തിയതു തള്ളിക്കളയാനാവില്ല. പാർട്ടി ഭാരവാഹികളായ ഇവരെ പോലീസിനു ചോദ്യംചെയ്യാവുന്നതാണെങ്കിലും ഇതുവരെ പോലീസ് അതിനു തയാറായില്ല എന്നത് അന്വേഷണം ശരിയായ ദിശയിലല്ല എന്ന ആരോപണത്തിന് മൂർച്ച വർധിപ്പിക്കുന്നു.
കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഹൊസ്ദുർഗ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എം.കെ. സുരേഷ്, ജി. ഗജിൻ, എ. അശ്വിൻ, ആർ. ശ്രീരാഗ്, കെ. അനിൽകുമാർ എന്നിവരാണ് റിമാൻഡിലായത്. ഇവരടക്കം ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ അറസ്റ്റിലായ പീതാംബരൻ, സജി ജോർജ് എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.