സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം. രഞ്ജിത്തിന്റെ വിവാദ പരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സിനിമാസംവിധായകര്‍.
“മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കാസര്‍ഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണാണെന്നും സുധീഷ് പറയുന്നു.
അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്.
കാസര്‍ഗോട്ടുനിന്നു സിനിമാ മോഹവുമായി വണ്ടി കയറിപ്പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ വന്‍വിജയമായപ്പോള്‍ കാസര്‍ഗോഡ് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തകസംഘം ഉണ്ടായി വന്നു. അവര്‍ക്ക് ആ വിജയം നല്കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ടുവന്നു.
സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍ കാസര്ഗോട്ടെത്താം, താരങ്ങളുടെ താമസത്തിനു ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍, വിജയകരമായ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് നല്കിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതല്‍ സിനിമകളെ കാസര്‍ഗോഡ്,പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങളെന്നും സുധീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“തിങ്കളാഴ്ച നിശ്ചയം’ സിനിമയുടെ സംവിധായകന് സെന്ന ഹെഗ്ഡെയും രഞ്ജിത്തിനെതിരേ വിമര്‍ശനവുമായെത്തി. “അതുകൊണ്ടായിരിക്കും വന്ദേഭാരത് കാസര്‍ഗോഡ് വരെ നീട്ടിയതെന്നും എട്ടു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വന്ന് സാധനം വാങ്ങി മടങ്ങാല്ലോ’ എന്നുമായിരുന്നു സെന്നയുടെ പരിഹാസത്തോടെയുള്ള കമന്റ്.