മലയാളികള്‍ എവിടെ ചെന്നാലും ആരെയെങ്കിലും പറ്റിക്കുമെന്നാണ് മറ്റു ദേശക്കാര്‍ പൊതുവേ പറയാറുള്ളതാണ്. മലയാളികളെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞാലും നാം ചിലപ്പോള്‍ വകവച്ചു കൊടുക്കില്ല. എന്നാല്‍ മറുനാട്ടുകാര്‍ പറയുന്നതിലും കാര്യമില്ലാതില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. ഇവിടെനിന്നൊരു മലയാളി അങ്ങ് മുംബൈയില്‍ ചെന്ന് ഒരു യുവതിയുടെ പൈസയും അടിച്ചു സ്ഥലംവിട്ടിരിക്കുന്നു. അതും ബാറില്‍ നൃത്തംചെയ്ത് യുവതി സമ്പാദിച്ച രണ്ടരലക്ഷം രൂപ. മഹാരാഷ്ര്ട ഉല്ലാസ് നഗര്‍ സ്വദേശിനിയുടെ പണവുമായാണ് കാസര്‍കോട് സ്വദേശിയായ അമ്പതുകാരന് സ്ഥലംവിട്ടത്. ഒരാഴ്ച മുമ്പാണ് സംഭവം. ഇയാളെ അന്വേഷിച്ച് യുവതി കാസര്‍ഗോഡെത്തി. ടൗണ്‍ പോലീസില്‍ പരാതിയും നല്കി.
സംഭവത്തിന്റെ പിന്നാമ്പുറ രഹസ്യം ഇങ്ങനെയാണ്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുന്ന അമ്പതുകാരനാണ് കഥയിലെ വില്ലന്‍. മഹാരാഷ്ര്ട ഉല്ലാസ് നഗറില്‍ ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിച്ചുവരികയായിരുന്ന ഇയാള്‍. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബാര്‍ നര്‍ത്തകിയുമായി ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവും ഒരു കുട്ടിയുമുണ്ട് യുവതിക്ക്. പ്രണയം തലയ്ക്കു പിടിച്ചതോടെ യുവതി ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശിക്കൊപ്പം പോയി. ഉല്ലാസ് നഗറിലെ വാടകവീട്ടില്‍ രണ്ടുവര്‍ഷം മുമ്പ് ഒരുമിച്ച് താമസവും തുടങ്ങി. യുവതി ബാറിലെ ഡാന്‍സ് ജോലി ഉപേക്ഷിച്ചതുമില്ല.
കഴിഞ്ഞയാഴ്ച്ച യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് കാസര്ഗോഡുകാരന് വീട്ടിനകത്ത്സൂക്ഷിച്ചിരുന്ന പണവുമായി സ്ഥലം വിടുകയായിരുന്നു. ബാറിലെ നൃത്തം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട യുവതി കാമുകനെ കണ്ടുപിടിക്കാനാണ് കാസര്‍ഗോഡെത്തിയത്. വീട് കാസര്ഗോഡാണെന്നു മാത്രമാണ് യുവതിക്ക് അറിയാവുന്നത്. ആളെ തിരിച്ചറിയാന്‍ ആകെയുള്ളത് ഒപ്പമുള്ള ഒരു സെല്‍ഫി മാത്രമാണ്. ആളെ കിട്ടിയാല്‍ അറിയിക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും പണം കിട്ടാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ് യുവതി.