കാസർഗോഡ്: ദുരൂഹസാഹചര്യത്തിൽ കാസർഗോട്ട് രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി. ദുബായിലേക്കു പോയ കുടുംബത്തെകുറിച്ചാണ് വിവരമില്ലാത്തത്. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്ദുൽ ഹമീദ് നൽകിയ പരാതിയിൽ പിഞ്ചുകുഞ്ഞടക്കം ആറു പേരെ കാണാതായതിനാണ് കാസർഗോഡ് ടൗണ്‍ പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അബ്ദുൽ ഹമീദിന്റെ മകൾ നസീറ (25), ഭർത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), മുഹമ്മിൽ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കാണാതായ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോലീസിന് അബ്ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാതായ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ദുബായിൽ മൊബൈൽ ഫോണ്‍, അത്തർ വ്യാപാരിയാണ് സവാദ്. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഇവരെക്കുറിച്ച് ജൂണ്‍ 15നു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
മുൻപ് തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ സമാനരീതിയിൽ കാണാതായവർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചിരുന്നു. ഇവരിൽ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് പറഞ്ഞു.