കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയിലധികം തൂക്കവുമുള്ള ഭീമൻ ആമകളുണ്ടെന്നത് നാട്ടുകാർക്ക് കാലങ്ങളായുള്ള അറിവാണ്. നാട്ടുകാർ “പാലപ്പൂവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ഈയിനം ആമകളെ പുഴയുടെ മുകൾത്തട്ടിലും കരയിലുമൊന്നും പൊതുവേ കാണാറില്ല. പുഴയുടെ അടിത്തട്ടിലെ അഴുക്കും ചെളിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
എങ്കിലും വേനലിൽ പുഴയിലെ വെള്ളം കുറയുമ്പോൾ രാത്രികാലങ്ങളിൽ മണൽപ്പരപ്പുകളിൽ മുട്ടയിടാനെത്തുന്ന പാലപ്പൂവൻ ആമകളെ പലരും കണ്ടിട്ടുണ്ട്. ഇവയുടെ മുട്ടകളും കാണാറുണ്ട്.
ഈ ആമകളെ അന്വേഷിച്ച് 2019 മേയിൽ യുപിയിൽ നിന്നൊരു പെൺകുട്ടി കാസർഗോട്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ള “ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ’ എന്ന അപൂർവയിനം ആമകൾ തന്നെയാണോ ഈ “പാലപ്പൂവൻ’ എന്ന് അന്വേഷിച്ചറിയുകയായിരുന്നു ആയുഷി ജെയിൻ എന്ന 22 കാരിയുടെ ലക്ഷ്യം.
ഡോ. ജാഫർ പാലോട്ട് തയാറാക്കിയ ഒരു പഠന റിപ്പോർട്ടിൽ പയസ്വിനിപ്പുഴയിലെ ഭീമൻ ആമകളുടെ സാന്നിധ്യത്തെ കുറിച്ചുള്ള പരാമർശമാണ് അപൂർവ ജീവജാലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ആഗ്ര സ്വദേശിനിയായ ആയുഷിയെ കാസർഗോട്ടെത്തിച്ചത്. “ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ’ എന്ന ഇനത്തിൽപ്പെട്ട ആമകളെ ഇന്ത്യയിൽ ആകെ അഞ്ചിടങ്ങളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ഏറ്റവും അവസാനം കണ്ടതായി പറയുന്നത് പത്തുവർഷം മുമ്പായിരുന്നു.
പയസ്വിനി പുഴയോരത്ത് മുളിയാർ പഞ്ചായത്തിന്റെ ഭാഗമായ നെയ്യംകയം മുതൽ ബാവിക്കര വരെയുള്ള പ്രദേശങ്ങളിലാണ് ഏഴു മാസത്തോളം കാലം ആയുഷി ആമകളെ തെരഞ്ഞു നടന്നത്. ആമകളെ അന്വേഷിച്ച് യുപിയിൽ നിന്നെത്തിയ പെൺകുട്ടി കാസർഗോട്ടെ ഉൾപ്രദേശങ്ങളിലുള്ള നാട്ടുകാർക്ക് കൗതുകമായിരുന്നു.
ശ്രീരാഗ് എന്ന വിദ്യാർഥിയും നാട്ടുകാരനായ അബ്ദുള്ളക്കുഞ്ഞിയും ഭാഷാപ്രശ്നം മറികടന്ന് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആയുഷിയെ സഹായിച്ചു. വിവരങ്ങൾ ഒരുപാട് കിട്ടിയെങ്കിലും ആമകളെ നേരിട്ട് കാണാനാവാത്തത് തിരിച്ചടിയായി. ഒടുവിൽ മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ ഒരു ഭീമൻ ആമയെ നേരിൽ കാണാൻ കഴിഞ്ഞതോടെ “ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ’ തന്നെയാണ് ഇതെന്ന് ആയുഷി തിരിച്ചറിഞ്ഞു.
ഈയിനത്തിൽപ്പെട്ട ആമകൾ പതിവായി മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽപ്പരപ്പുകളും നാട്ടുകാർ ആയുഷിക്ക് കാണിച്ചുനല്കി. പക്ഷേ ഈ മുട്ടകളിലേറെയും തെരുവുനായ്ക്കളുടെയും മറ്റു മൃഗങ്ങളുടെയും ചില മനുഷ്യരുടെയും ഭക്ഷണമായി ഒടുങ്ങുകയായിരുന്നു പതിവ്.
സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിൽ നിന്നുള്ള മാർഗനിർദേശങ്ങളും വനംവകുപ്പിന്റെ സഹായവും കൊണ്ട് ആയുഷി ഏതാനും മുട്ടകൾ ശേഖരിച്ച് കൃത്രിമമായി വിരിയിക്കാൻ ശ്രമിച്ചു. ആദ്യ പരീക്ഷണത്തിൽ വിരിഞ്ഞത് ആറെണ്ണം മാത്രമാണ്. ആ ആമക്കുഞ്ഞുങ്ങളെ വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയിലേക്ക് ഇറക്കിവിടുകയും ചെയ്തു.
അതിനു പിന്നാലെ കോവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ വന്നു. പിന്നീട് ഒരു കടുത്ത വേനലിൽ പയസ്വിനിപ്പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമായ നെയ്യംകയം പോലും വറ്റിയപ്പോൾ അടിത്തട്ടിലുണ്ടായിരുന്ന പാലപ്പൂവൻ ആമകൾ കരയ്ക്കടിഞ്ഞ സംഭവമുണ്ടായി. ഇവ അക്ഷരാർഥത്തിൽ വംശനാശത്തിന്റെ വക്കിലാണെന്ന കാര്യം നാട് തിരിച്ചറിഞ്ഞു.
ഇതോടെ ഈ അപൂർവയിനം ആമകളെ സംരക്ഷിക്കുന്നതിനായി ആയുഷി തുടങ്ങിവച്ച ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് തുടർന്നുകൊണ്ടുപോയി. ബാവിക്കരയിൽ ജലവിതരണ പദ്ധതിയുടെ അണക്കെട്ട് പൂർത്തിയായതോടെ പുഴയിൽ വെള്ളം വറ്റുന്ന സാഹചര്യം ഒഴിവായിരുന്നു.
എന്നാൽ, ഇതോടെ “പാലപ്പൂവൻ’ ആമകൾ മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽത്തിട്ടകളിൽ വെള്ളംകയറി. തുടർന്ന് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മണൽത്തട്ടിൽ കൃത്രിമമായി ഹാച്ചറികൾ ഉണ്ടാക്കി മുട്ടകൾ ശേഖരിച്ച് വിരിയിക്കാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾ ഒരു പരിധി വരെ ഫലം കാണുകയും ചെയ്തു.
ഭീമൻ ആമകളെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കി മറ്റു ഗവേഷണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞെങ്കിലും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്താനായി വനംവകുപ്പും നാട്ടുകാരും ചേർന്നു നടത്തിയ എല്ലാ പ്രവർത്തനങ്ങളുമായും നിരന്തരം ബന്ധം പുലർത്താൻ ആയുഷി ശ്രദ്ധിച്ചിരുന്നു.
ഒന്പത് ഹാച്ചറികളിൽ നിന്നായി 18 ആമക്കുഞ്ഞുങ്ങളെയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞയാഴ്ച ബാവിക്കരയിൽ നടന്ന ചടങ്ങിൽ കാസർഗോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇവയെ പുഴയുടെ മടിത്തട്ടിലേക്ക് ഇറക്കിവിടുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ആയുഷി വീണ്ടുമെത്തി.
ചില കാര്യങ്ങൾ അങ്ങനെയാണ്. കാസർഗോട്ടുകാർക്ക് കാലങ്ങളായി അറിയാവുന്ന “പാലപ്പൂവൻ’ ആമകളുടെ അപൂർവതയും പ്രാധാന്യവും പുറംലോകത്തെ അറിയിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമുള്ള നിയോഗം ഈ യുപിക്കാരിക്കായിരുന്നു.
ശ്രീജിത് കൃഷ്ണൻ