തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു.
മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ ഫാത്തിമയ്ക്കും (21) കുഞ്ഞിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എൻ. റോയിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
യുവതിയുടെ ഭര്‍ത്താവിനെയും കോവിഡ് രോഗമുക്തി നേടി നേരത്തെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കോവിഡ് ബാധിച്ച യുവതിയെയും ഭര്‍ത്താവിനെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. തുടര്‍ന്നുള്ള ചികിത്സയില്‍ ഇവരുടെ രോഗം ഭേദമായി.
ഒമ്പതിന് പുറത്ത് വന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പ്രസവ തീയതി അടുത്തതിനാല്‍ യുവതി ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. 11ന് ഉച്ചയ്ക്ക് 12.20ന് ആണ് കുഞ്ഞിന് യുവതി ജന്മം നല്കി.