സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: കോവിഡ് രോഗബാധയുടെ യാതൊരു ബാഹ്യലക്ഷണങ്ങളും ഇല്ലാത്തവര്‍ക്കും പരിശോധനാഫലം പോസിറ്റീവാകുന്നത് കാസര്‍ഗോഡ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ച പത്തോളം പേര്‍ക്ക് ഇതുവരെയായും കാര്യമായ ബാഹ്യലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇവരെല്ലാം പൊതുവേ നല്ല ആരോഗ്യസ്ഥിതിയിലുള്ളവരാണെന്നതാണ് രോഗലക്ഷണങ്ങള്‍ പുറത്തുകാണാത്തതിനു കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഈ കാലയളവിലെല്ലാം വൈറസിന്റെ വാഹകരായി വര്‍ത്തിക്കാനും അത്രതന്നെ ആരോഗ്യമില്ലാത്ത നിരവധി പേര്‍ക്ക് രോഗം പടര്‍ത്താനും ഇവര്‍ക്ക് കഴിയും.
ഇവരിലേറെയും ദുബായിലെ നയിഫ് മേഖലയില്‍ നിന്ന് നാട്ടിലെത്തിയവരാണ്. ദുബായില്‍ വൈറസിന്റെ ഹോട്ട് സ്പോട്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന നയിഫില്‍ നിന്ന് നാട്ടിലെത്തിയ എല്ലാവരും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാഹ്യലക്ഷണങ്ങളില്ലാതിരുന്നിട്ടും ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംഭവത്തിലും ഇതേ കാര്യമാണ് സംഭവിച്ചത്. ഈ കുടുംബത്തിലെ ഗൃഹനാഥനും മാര്‍ച്ച് 17 ന് നയിഫില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു.
രോഗബാധയുടെ യാതൊരു ബാഹ്യലക്ഷണങ്ങളും ഇല്ലാതിരുന്നതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും നിന്ന് ഇദ്ദേഹത്തെ നാമമാത്ര പരിശോധന മാത്രം നടത്തി വീട്ടിലേക്കയയ്ക്കുകയായിരുന്നു.
പിന്നീട് രോഗഭീതി മൂലം രണ്ടുവട്ടം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചെന്നെങ്കിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ സ്രവ പരിശോധന നടത്താതെ മടക്കി അയയ് ക്കുകയും ചെയ്തു.
പിന്നീട് നയിഫില്‍ നിന്നെത്തിയ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് വന്നതിനുശേഷം മാത്രമാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്.
മൂന്നു ദിവസത്തിനു ശേഷം പരിശോധനാഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ഒരാഴ്ചക്കാലം വീട്ടില്‍ തന്നെ കഴിഞ്ഞതിന്റെ ഫലമായി എണ്‍പതുകാരിയായ അമ്മയ്ക്കും ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും രോഗബാധയുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായത്.
പ്ലസ് ടു വിദ്യാര്‍ഥിയായ മകനും പത്താം ക്ലാസുകാരിയായ മകളും ഇതിനിടയില്‍ പരീക്ഷയെഴുതാന്‍ പോയിരുന്ന കാര്യവും അറിഞ്ഞതോടെ രണ്ട് സ്കൂളുകളിലെ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും നിരീക്ഷണത്തിന്റെ നിഴലിലാവുകയും ചെയ്തു. ഈ കുടുംബത്തിന്റെ അടുത്ത ബന്ധുവായ വനിതാ നഗരസഭാ കൗണ്‍സിലറും ഇപ്പോള്‍ ക്വാറന്റൈനിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ബാഹ്യലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ച അധികം പേരും കാസര്‍ഗോഡ് നഗരത്തിലും സമീപപ്രദേശങ്ങളിലും ഉള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ഇപ്പോള്‍ നിരീക്ഷണത്തിലായി.
സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പരിശോധന രോഗലക്ഷണങ്ങളുള്ളവരുടെ കാര്യത്തില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന രീതിയാണ് ഇതുവരെ കാസര്‍ഗോഡ് അനുവര്‍ത്തിച്ചുപോന്നത്.
സംശയമുള്ള മറ്റെല്ലാവരെയും വീടുകളിലോ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രികളിലോ നിരീക്ഷണത്തിലാക്കുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രം സ്രവം ശേഖരിച്ച് പരിശോധനയ്ക്കയക്കുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍ ബാഹ്യലക്ഷണങ്ങളില്ലാത്തവര്ക്കും രോഗമുണ്ടാകാമെന്ന അവസ്ഥ വന്നതോടെ നിരീക്ഷണത്തിലുള്ള എല്ലാവരുടെയും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയക്കേണ്ടിവരും.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി സജ്ജീകരിച്ച വൈറോളജി ലാബ് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയാലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയും പേരുടെ പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു ലാബുകളിലും ഇപ്പോള്‍ ഇതിനുള്ള സംവിധാനമില്ല. നേരത്തേ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നതുപോലെ ദ്രുത പരിശോധന നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇതിന് സാധിക്കൂ.
മറ്റു ജില്ലകളിലും ഇതേ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. ലോക്ക് ഡൗണ്‍ കാലയളവ് കഴിയുന്നതിനു മുമ്പ് നിരീക്ഷണത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ ദ്രുത പരിശോധന നടത്തി സംശയം ദുരീകരിച്ചില്ലെങ്കില് ഒരുപക്ഷേ അതു കഴിഞ്ഞ് കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയേക്കാമെന്ന സാധ്യതയും നിലനില്ക്കുന്നു.