കാസർഗോഡ്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരേയും നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ ആക്രമണം. കൊലപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അക്രമികൾ കൊടുവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പോലീസിന് ബോധ്യമായി.
കൊല്ലപ്പെട്ട ശരത്ലാലിനെ ലക്ഷ്യംവച്ചാണ് അക്രമികൾ ഇരുളിൽ പതുങ്ങിയിരുന്നത്. അതിലേക്ക് കൃപേഷും വന്നു വീഴുകയായിരുന്നു. ക്രൂരകൃത്യത്തിന് ദൃക്സാക്ഷിയെ ഇല്ലാതാക്കാനാണെന്നാണ് കൃപേഷിനെ വകവരുത്തിയതെന്നാണ് പോലീസ് നിഗമനം. ബൈക്കിൽ വരികയായിരുന്ന ഇരുവരെയും ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് തടഞ്ഞുനിർത്തിയാണ് രാഷ്ട്രീയ ഗുണ്ടകൾ പ്രതികാരം തീർത്തത്.
ശരത്ലാലിനെയാണ് സംഘം ആദ്യം ആക്രമിച്ചത്. കൊടുവാൾ കൊണ്ട് കഴുത്തിന്റെ ഇടത് ഭാഗത്ത് ആഞ്ഞുവെട്ടിയതോടെ ശരത് നിലത്തുവീണു. ഓടാതിരിക്കാൻ സംഘം ഇരുകാലുകളിലുമായി അഞ്ചോളം വെട്ടുകൾ കൂടി വെട്ടി. ശക്തമായ വെട്ടിൽ കാലുകളിലെ എല്ലുകളെല്ലാം നുറുങ്ങിയ അവസ്ഥയിലാണ്.
ശരത്തിനെ ആക്രമിക്കുന്നത് കണ്ട് ഭയന്നോടിയെ കൃപേഷിനെ പിന്നാലെ എത്തി അക്രമികൾ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് ചോരവാർന്ന് തൽക്ഷണം മരിച്ചു. പതിനൊന്ന് സെന്റിമീറ്റർ നീളത്തിലുള്ള ആഴമേറിയ മുറിവാണ് കൃപേഷിന്റെ തലയിലുണ്ടായിരുന്നതെന്ന് പോലീസ് ഇൻക്വസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുവരും ഒരുവിധത്തിലും രക്ഷപെടരുതെന്ന ഉദ്ദേശത്തോടെയാണ് അക്രമി സംഘം വെട്ടിയതെന്ന് വ്യക്തമാക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് പെരിയ കല്യോട്ടെ സംഭവമെന്നും സംശയിക്കുന്നുണ്ട്.
സംഭവത്തിന് പിന്നിൽ കണ്ണൂരിൽ നിന്നുള്ള പ്രൊഫഷണൽ സംഘമാണെന്നും കോണ്ഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. ഷുഹൈബിനെ ആക്രമിച്ച അതേരീതിയിൽ തന്നെയാണ് ശരത്ലാലിനെയും ആക്രമിച്ചിരിക്കുന്നത്. കാലിൽ തുടർച്ചയായി വെട്ടി ആക്രമണത്തിന് ഇരയാകുന്നയാൾ ഓടാതിരിക്കാനുള്ള ശ്രമം ഷുഹൈബ് വധക്കേസിലും ഉണ്ടായിരുന്നു. ശരത്ലാലിനെയും സമാനരീതിയിൽ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി എട്ടോടെ കല്യോട്ട്-തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് മലയാളക്കരയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗ പരിപാടിയിൽ സംബന്ധിച്ച ശേഷം ശരതിനെ വീട്ടിൽ കൊണ്ടുവിടാൻ ബൈക്കിൽ പോകുകയായിരുന്നു കൃപേഷ്.
കൃഷ്ണൻ-ബാലാമണി ദമ്പതികളുടെ മകനാണ് കൃപേഷ്. രണ്ടു സഹോദരിമാരുണ്ട്. ശരത്ലാലിന്റെ അമ്മ ലത. ഒരു സഹോദരിയുണ്ട്.