സ്വന്തം ലേഖകൻ
കാസർഗോഡ്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ(27) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ ഏഴുപേർ കസ്റ്റഡിയിൽ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരൻ ഉൾപ്പെടെ ഏഴു പേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡയിലുള്ളവരിൽ കൊലപാതകത്തിലെ മുഖ്യ പ്രതിയും ഉൾപ്പെട്ടതായാണ് സൂചന.
ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതിനിടെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. കൊലപാതകത്തിനു പിന്നിൽ കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷൻസംഘമെന്ന സൂചനയെ തുടർന്ന് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
കൊലപാതകം നടന്ന ദിവസം കണ്ണൂർ രജിസ്ട്രേഷനിലുള്ള ജീപ്പിൽ ഒരു സംഘം പ്രദേശത്ത് എത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തിൽ ഞായറാഴ്ച ശരത് ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂർ രജിസ്ട്രേഷൻ ജീപ്പിലെത്തിയ സംഘം ഈ സ്ഥലത്തുണ്ടായിരുന്നു.
ഇവരെ സംഘാടകർക്കു പരിചയമില്ലെന്നും പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു. സിപിഎം പ്രാദേശിക നേതാവ് ശരത്ലാലിനേയും സംഘത്തേയും ചൂണ്ടിക്കാണിച്ചുകൊടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലയാളികൾ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
നാലു മൊബൈൽ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തത്. ഇതിൽ രണ്ടെണ്ണം ശരത്ലാലിന്റെയും ഒരെണ്ണം കൃപേഷിന്റേതുമാണെന്ന് തിരിച്ചറിഞ്ഞു. ശേഷിക്കുന്നത് പ്രതികളുടേതാണെന്ന സംശയത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ട്. വടിവാളിന്റെ പിടിക്കഷണവും കണ്ടെത്തിയിട്ടുണ്ട്.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, സിഐ സി.എ. അബ്ദുൾ റഹീം, കുന്പള സിഐ കെ. പ്രേംസദൻ, ആദൂർ സിഐ എം.എ. മാത്യു, ബേക്കൽ സിഐ വി.കെ. വിശ്വംഭരൻ, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം.