കാഞ്ഞങ്ങാട്: മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ആക്രമിച്ച അതേരീതിയിലാണ് ശരത്ലാലും കൊലക്കത്തിക്കിരയായതെന്ന് വ്യക്തമാക്കി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൊടുവാൾ പോലെ മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 മുതൽ 20 വരെ വെട്ടുകളാണ് ശരത്തിന്റെ ദേഹത്തുണ്ടായിരുന്നത്.
ഇതിൽ രണ്ടെണ്ണമാണ് മരണകാരണമായതെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. ഇടതു നെറ്റി മുതൽ 23 സെന്റിമീറ്റർ നീളത്തിലുള്ള മുറിവാണ് ഇതിലൊന്ന്. വലത് ചെവി മുതൽ കഴുത്ത് വരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. ഇതിൽ കാൽമുട്ടിനു താഴെയായി മാത്രം അഞ്ചിടത്ത് മാരകമായി വെട്ടേറ്റിട്ടുണ്ട്.
വെട്ടിന്റെ ആഘാതത്തിൽ കാലിന്റെ അസ്ഥികൾ പൂർണമായും തകർന്നിട്ടുണ്ട്. ഷുഹൈബിന്റെ മൃതദേഹത്തിലും ഇതേതരത്തിലുള്ള വെട്ടുകളുണ്ടായിരുന്നു. തലയ്ക്കേറ്റ ആഴമേറിയ മുറിവാണ് കൃപേഷിന്റെ മരണകാരണം. മഴു പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ കൃപേഷിന്റെ തലയോട്ടി തകർന്നു.
വെട്ടുകൊണ്ട് പ്രാണരക്ഷാർഥം നാനൂറ് മീറ്ററോളം ഓടിയ കൃപേഷ് ആളൊഴിഞ്ഞ പറന്പിൽ വീണുമരിക്കുകയായിരുന്നു. കുന്പള സിഐ പ്രേംസദൻ, ആദൂർ സിഐ എം.എ. മാത്യു എന്നിവർ ചേർന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയത്. പ്രഫഷണൽ സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് സൂചന നൽകുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ.
ലക്ഷ്യമിട്ടത് ശരത്തിനെ, ദൃക്സാക്ഷി ഉണ്ടാകാതിരിക്കാൻ കൃപേഷും
കാഞ്ഞങ്ങാട്: ശരത്ലാലിനെ ലക്ഷ്യമിട്ടാണ് കൊലയാളിസംഘം അക്രമം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിൽ ദൃക്സാക്ഷിയുണ്ടാകാതിരിക്കാനാണ് കൃപേഷിനെയും വകവരുത്തിയതെന്നാണ് സൂചന. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ച കേസിൽ വധശ്രമത്തിന് അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകമാണ് കൊല്ലപ്പെട്ടത്.
ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരനെ മർദിച്ച കേസിലായിരുന്നു ശരത് അറസ്റ്റിലായത്. ഈ സംഭവത്തിൽ ശരത്ലാലിനെ ഒന്നാംപ്രതിയാക്കിയാണ് ബേക്കൽ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നത്. കൃപേഷിനെ ആറാം പ്രതിയാക്കിയിരുന്നെങ്കിലും സംഭവദിവസം ഇദ്ദേഹം സ്ഥലത്തില്ലായിരുന്നെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കുകയായിരുന്നു.