കാസര്‍ഗോഡ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെയും കാസര്‍ഗോഡ് നഗരസഭയിലെയും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രദേശങ്ങളില്‍ പോലീസിന്റെ ഡബിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കി.
പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ കോട്ട പരിസരം, ബേക്കല്‍ ജംഗ്ഷന്, പള്ളിക്കര ടൗണ്‍, ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ ടൗണ്‍, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേല്‍പ്പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാല്‍ ടൗണ്‍, പൊയിനാച്ചി, മാങ്ങാട്, ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍, എടനീര്‍, നായന്മാര്മൂല, ബിസി റോഡ് ജംഗ്ഷന്, ബേവിഞ്ച, മൊഗ്രാല്‍-പൂത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍, മൊഗ്രാല്‍-പുത്തൂര്‍ ടൗണ്‍, ഷിറിബാഗിലു, മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി, കമ്പാര്‍, ബദിരടുക്ക, കാസര്‍ഗോഡ് നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ഉളിയത്തടുക്ക, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളിലാണ് മുഴുവന്‍ സമയവും പോലീസ് സംഘത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തിയത്.
ഇവിടങ്ങളില്‍ യാതൊരു കാരണവശാലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഈ സ്ഥലങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പോലീസ് നേരിട്ട് എത്തിച്ചു നല്‍കും.
ആവശ്യക്കാര്‍ ഇതിനായി 9497935780 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് ഒരു ദിവസം മുമ്പ് സന്ദേശമയക്കണം. പേരും ഫോണ്‍ നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു.
തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജീകരിച്ച് പോലീസുകാര്‍ നേരിട്ട് ആവശ്യക്കാരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും വാട്സ് ആപ്പ് വഴി സന്ദേശം അയക്കാന്‍ സാധിക്കാത്തവര്‍ കളക്ടറേറ്റ് കണ്ട്രോള് റൂമിലെ 04994 255004 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ പോലീസുമായി ബന്ധപ്പെട്ട് അവശ്യസാധനങ്ങള്‍ വീട്ടിലെത്താനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.