കാസര്‍ഗോഡ്: ജില്ല ഓറഞ്ച് സോണായി മാറിയിട്ടും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനപ്രതിനിധികളും രംഗത്ത്.
ഓറഞ്ച് സോണുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ജില്ലയ്ക്ക് മാത്രം നല്‍കാതെ കളക്ടര്‍ പിടിവാശി കാണിക്കുകയാണെന്നാരോപിച്ച് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഇന്ന് നടക്കുന്ന ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിലും ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും വിഷയം മുഖ്യമന്ത്രിയുടെയും ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് പറഞ്ഞു.
സംസ്ഥാനത്ത് ഓറഞ്ച് സോണിലുള്ള മറ്റു ജില്ലകളില്‍ ലഭിക്കുന്ന ഇളവുകളെല്ലാം ജില്ലയില്‍ ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ബാധകമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് വിശദീകരിച്ചിട്ടും ഇതുവരെ റെഡ്സോണിലുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും അതേപടി തുടരുമെന്നാണ് ജില്ലാ ഭരണകൂടം പത്രക്കുറിപ്പിറക്കിയത്.
അതാതു ജില്ലകളിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറയുന്നു.
വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം കനത്തതോടെ വീണ്ടും ചെറിയ ഇളവുകള്‍ മാത്രം അനുവദിക്കുകയായിരുന്നു.ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ബാധകമായ കടകളെല്ലാം തുറക്കാമെന്നാണ് ഓറഞ്ച് സോണുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഇതനുസരിച്ച് ജില്ലയിലെ നഗരസഭകളുള്‍പ്പെടെ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന കടകള്‍ പോലീസ് ഇടപെട്ട് അടപ്പിക്കുകയായിരുന്നു. ഇതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല.
റെഡ്സോണില്‍ ആയിരുന്നപ്പോള്‍ കര്‍ശനമായ വ്യവസ്ഥകളോടെ നിശ്ചിത ദിവസങ്ങളില്‍ മാത്രം തുറക്കാന്‍ അനുവദിച്ച ഏതാനും വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങള്‍ മാത്രം ഇനിയും അതേ വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കാനാണ് ജില്ലാ ഭരണകൂടം ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലും അനുവദിച്ചിട്ടുള്ളത്.
ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ് നഗരസഭയ്ക്കും ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍പുത്തൂര്‍, അജാനൂര്‍, ഉദുമ പഞ്ചായത്തുകള്‍ക്കും യാതൊരു ഇളവും ബാധകമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇന്നലത്തെ അറിയിപ്പിലും വിശദീകരിക്കുന്നത്.
ഇതില്‍ ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളില്‍നിന്നു മാത്രമാണ് ഇനി കോവിഡ് രോഗികള്‍ ബാക്കിയുള്ളത്. മറ്റിടങ്ങളില്‍ നിന്ന് ഉണ്ടായിരുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗമുക്തരായി ആശുപത്രി വിട്ടതാണ്.
നിയന്ത്രണങ്ങള്‍ തുടരാനുള്ള സൗകര്യത്തിനായി ഈ പ്രദേശങ്ങള്‍ കോവിഡ് മുക്തമായ കാര്യം യഥാസമയം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും ജില്ലാ ഭരണകൂടം മെല്ലെപ്പോക്ക് നടത്തുന്നതായാണ് പരാതി.
ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളിലെങ്കിലും പോലീസിന്റെ കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.