ആലുവ: രണ്ടേകാൽ കിലോ കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥിയായ കുട്ടിക്കടത്തുകാരൻ കുടുങ്ങി. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വതത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവുമായി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എത്തുമെന്ന് എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.
കുന്നത്തുനാട് സ്വദേശിയായ ഇയാൾ ഇപ്പോൾ മലപ്പുറം ജില്ലയിലെ തിരൂരിലാണ് താമസം. കൗമാരപ്രായത്തിൽ മയക്കുമരുന്നു ഉപയോഗം തുടങ്ങിയ വിദ്യാർഥി 14-ാം വയസിൽ കഞ്ചാവ് വില്പനയിൽ സജീവമാവുകയായിരുന്നു.
മൊത്തവ്യാപാരം
ആദ്യം ചെറുപൊതികളായി കഞ്ചാവ് വില്പന ആരംഭിച്ചു. പിന്നീട് ആഡംബര ജീവിതം മോഹിച്ചു മൊത്ത വ്യാപാരത്തിലേക്കു തിരിയുകയായിരുന്നു. ഇപ്പോൾ രണ്ടു കിലോയിൽ കുറഞ്ഞ വില്പന നടത്താറില്ല.
തമിഴ്നാട്ടിൽ നിന്ന് കിലോ 10,000 രൂപക്ക് വാങ്ങി കൊണ്ട് വരുന്ന കഞ്ചാവ് 50,000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. വാട്സ്ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഇതിനായി ഉപയോഗിച്ചിരുന്നു.
മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഉള്ള കച്ചവടക്കാർക്ക് ആണ് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്. അമ്മയും അച്ഛനും വേർപിരിഞ്ഞു വേറെ വിവാഹം കഴിച്ചതിനേത്തുടർന്ന് ഒറ്റക്ക് ജീവിതം നയിക്കാൻ തുടങ്ങിയ വിദ്യാർഥി കഞ്ചാവ് മാഫിയയുമായി ബന്ധം സ്ഥാപിച്ചു ഇടപാടിൽ സജീവമാകുകയായിരുന്നു.
മലപ്പുറം തിരൂരിൽ ഒരു ആഡംബര ഫ്ലാറ്റിൽ താമസിച്ചിരുന്നതായി ഇയാൾ എക്സിസിനോട് മൊഴി നൽകിയിട്ടുണ്ട്.
കോട്ടയം ഭാഗത്ത് ജിനു ദേവ് എന്ന ആൾ അവശ്യപ്പെട്ടത് അനുസരിച്ചാണ് തൃപ്പൂണിത്തുറ ഭാഗത്ത് കഞ്ചാവുമായി എത്തിയത്. ഒരു മാസം മുൻപ് ജിനു ദേവിന്15 കിലോ കഞ്ചാവ് എത്തിച്ചു നൽകി എന്നും ഇയാൾ പറഞ്ഞു.
മുൻകൂർ പണം
കഴിഞ്ഞ ആഴ്ച 500 ഗ്രാം കഞ്ചാവുമായി പിടികൂടിയ കണ്ണൻകുളങ്ങര സ്വദേശി നിതിനിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാനായി വലവിരിച്ചത്.
ആവശ്യക്കാർ മുൻകൂട്ടി പണം ഗൂഗിൾപേ വഴി നിക്ഷേപിച്ചാൽ മാത്രമേ ഇയാൾ കഞ്ചാവ് എത്തിച്ചു നൽകൂ.
പോലീസിന്റെയും എക്സിസിന്റെയും ട്രാപ്പ് അല്ല എന്ന് ഉറപ്പിക്കാനായി ആണ് പണം മുൻകൂട്ടി നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ദിവസം പട്ടിമറ്റത്തെ റബർ തോട്ടത്തിൽ നിന്നും 11 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുന്നത്തുനാട് പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.