കടുത്തുരുത്തി: ചത്ത പോത്തിനെ കശാപ്പ് ചെയ്തു വിൽക്കാൻ ശ്രമിച്ചത് നാട്ടുകാർ സംഘടിച്ചു തടഞ്ഞു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതർ കശാപ്പുശാല അടച്ചുപൂട്ടി സീൽ ചെയ്തു. പെരുവ ടാക്സി സ്റ്റാൻഡിന് സമീപമാണ് സംഭവം. അനധികൃതമായി പ്രവർത്തിച്ചിരുന്ന കശാപ്പുശാലയിലാണ് ചത്ത പോത്തിനെ കശാപ്പ് ചെയ്യാനെത്തിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സംഘടിച്ചു പ്രതിക്ഷേധിച്ചതോടെ പ്രശ്നം വഷളായി.
ഇതോടെ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കശാപ്പുശാല പഞ്ചായത്തധികൃതർ പൂട്ടി സീൽ ചെച്ചുകയായിരുന്നു. മുളക്കുളം പഞ്ചായത്തുവക മാർക്കറ്റിനുള്ളിൽ മാസം വിൽപനശാല നടത്തുന്ന കണ്ണികുളത്തിൽ അലനാണ് ചത്ത പോത്തിനെ കശാപ്പ് ചെയ്തു വിൽക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ തന്നെയാണ് വിവരം പഞ്ചായത്തിലും ഹെൽത്ത് ഡിപ്പാർട്ടമെന്റിലും അറിയച്ചത്.
പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചങ്ങനാശ്ശേരിയിൽ നിന്നും എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മാംസത്തിന്റെ സാബിംൾ പരിശോധനയ്ക്കായി ശേഖരിച്ചു. മാർക്കറ്റിനുള്ളിൽ പഞ്ചായത്തുവക കെട്ടിടത്തിൽ മാംസം വിൽക്കുന്നതിനായി സ്റ്റാൾ ലേലത്തിൽ പിടിച്ചിട്ടുള്ള വ്യക്തിയാണ് ഇയാളെന്നു പറയുന്നു.
എന്നാൽ മാംസം അഗീകൃത സ്ളോട്ടർ ഹൗസിൽ നിന്നും എത്തിച്ചു വിൽപനയ്ക്കുള്ള അനുവാദമാണ് പഞ്ചായത്ത് നൽകിയിട്ടുള്ളത്. ഇതിന് ലൈസൻസ് ആവശ്യമാണ്. ലൈസൻസ് എടുക്കാതെയാണ് മാംസം വിൽപന നടത്തിയിരുന്നതെന്ന കാരണത്താലാണ് സ്റ്റാൾ പൂട്ടി സീൽ ചെയ്തെന്നും പഞ്ചായത്ത് സെക്രട്ടറി രതീദേവി പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത കശാപ്പ് വ്യാപകമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. സക്കീർ, പ്രവീണ്കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.