ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പാകിസ്ഥാൻ. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. കാഷ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്.
അവസാന തുള്ളിരക്തംവരെ തങ്ങൾ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും ആണവ ശക്തികളാണെന്ന് ചൂണ്ടിക്കാട്ടിയ ഇമ്രാൻ ഇത്തരമൊരു സാഹചര്യത്തിൽ അടുത്തപടി എന്തായിരിക്കുമെന്നും ചോദിച്ചു. പരമ്പരാഗതമായ യുദ്ധം? എന്നാൽ യുദ്ധത്തിൽ ആരും ജയിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു. പാക് അധിനിവേശ കാഷ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്.
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയ നടപടി യുഎന്നിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് നേരത്തെ ഇമ്രാൻ പറഞ്ഞിരുന്നു. കഷ്മീരില് നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ വിഷയം രാജ്യാന്തര കോടതിയിലും യുഎൻ സുരക്ഷാ കൗൺസിലിലും അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയാണെന്നും പാക്ക് പാർലമെന്റിൽ അദ്ദേഹം പറഞ്ഞു.