മലപ്പുറം: ജമ്മു കാഷ്മീരിനെ അനുകൂലിച്ച് കോളജ് കാന്പസിൽ പോസ്റ്റർ പതിച്ചെന്നാരോപിച്ചു മലപ്പുറം ഗവണ്മെന്റ് കോളജിലെ രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാംവർഷ ബി.കോം വിദ്യാർഥിയായ മേലാറ്റൂർ എടയാറ്റൂരിലെ പാലത്തിങ്ങൽ മുഹമ്മദ് റിൻഷാദ് (20), ഒന്നാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥി പാണക്കാട് പട്ടർക്കടവിലെ ആറുകാട്ടിൽ മുഹമ്മദ് ഫാരിസ്(18) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച കോളജ് കാന്പസിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നു പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പോലീസ് നടപടി. തീവ്ര നിലപാടുകളുള്ള റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന്റെ (ആർഎസ്എഫ്) സ്ഥാപകനാണ് റിൻഷാദ്. പോസ്റ്റർ ഒട്ടിക്കാൻ റിൻഷാദിനൊപ്പം ചേർന്നെന്ന കുറ്റത്തിനാണ് ഫാരിസിനെ പിടികൂടിയത്.
ഫ്രീഡം ഫോർ കാഷ്മീർ, മണിപ്പൂർ, പലസ്തീൻ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാഷ്മീരി പീപ്പിൾ, എൻഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷൻ, ആസാദി ഫോർ കാഷ്്മീർ, വോയ്സ് ഒഫ് സെൽഫ് ഡിറ്റർമിനേഷൻ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാന്പസിൽ കണ്ടെത്തി.
ഈ പോസ്റ്ററുകൾ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്. കാഷ്മീരിലെ സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവർ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്പെഷൽ ബ്രാഞ്ചും പോലീസും ചോദ്യം ചെയ്തു.
മാവോയിസ്റ്റ്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവർക്കു ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ മലപ്പുറം സിജഐം കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.ഫിലിപ്പീൻസിലെ രണ്ടു തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്ബുക്ക് മുഖേന റിൻഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ പറഞ്ഞു.
രാജ്യത്തെ മാവോയിസ്റ്റ്, തീവ്ര ആശയ സംഘടനകളുമായും ബന്ധമുണ്ട്. നേരത്തെ എസ്എഫ്ഐ അനുഭാവിയായിരുന്ന റിൻഷാദ് സംഘടനക്ക് തീവ്രത പോരെന്ന് ചൂണ്ടിക്കാട്ടി നാലു മാസം മുന്പാണ് റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറത്തിന് രൂപമേകിയത്. സംഘടനയ്ക്ക് പ്രവർത്തനാനുമതി തേടിയിരുന്നെങ്കിലും പ്രിൻസിപ്പൽ നൽകിയില്ല.
ആദ്യഘട്ടത്തിൽ ചർച്ചാവേദി രൂപവത്കരിച്ച് വിവിധ രംഗങ്ങളിലെ ആക്ടിവിസ്റ്റുകളെ കാന്പസുകളിലെത്തിച്ചു. സ്ത്രീ സമത്വം, സ്ത്രീരാഷ്ട്രീയം, ശബരിമല വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാർഥിനികളടക്കം ചിലർ ചർച്ചാവേദികളിലും ആശയങ്ങളിലും ആകൃഷ്ടരായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുത്ത മുഴുവൻ പേരെയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കലാപകാരി എന്ന പേരിൽ റിൻഷാദ് ഫേസ്ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പത്താംക്ലാസ് മുതൽ വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളിൽ സജീവമാണ് റിൻഷാദ്. റാഡിക്കൽ സ്റ്റുഡന്റ് ഫോറത്തെക്കുറിച്ചും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നു മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ അറിയിച്ചു.