മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ്റിലായ മലപ്പുറം ഗവണ്മെന്റ് കോളജിലെ വിദ്യാർഥികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്നു മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാഷ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം കോളജ് കാന്പസിൽ പോസ്റ്റർ പതിച്ച കോളജിലെ രണ്ടാംവർഷ ബി.കോം വിദ്യാർഥി മേലാറ്റൂർ എടയാറ്റൂരിലെ പാലത്തിങ്ങൽ മുഹമ്മദ് റിൻഷാദ് (20), ഒന്നാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥി പാണക്കാട് പട്ടർക്കടവിലെ ആറുകാട്ടിൽ മുഹമ്മദ് ഫാരിസ്(18) എന്നിവരെയാണ് കോടതി ഇന്നലെ റിമാൻഡ് ചെയ്തത്.
ഇതിൽ റിൻഷാദിന്റെ ലാപ്ടോപും മൊബൈൽ ഫോണും, ഫാരിസിന്റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനക്കയച്ചു. ഇവരുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ പുതിയ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നു മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ അറിയിച്ചു.
ഇരുവരും പോസ്റ്റർ പതിച്ച കാന്പസിലെ വിവിധ ഭാഗങ്ങളിലെത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കാഷ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കാന്പസിനകത്ത് പോസ്റ്റർ പതിച്ചത്. എന്നാൽ കാഷ്മീർ പോസ്റ്റർ തങ്ങൾ എഴുതിയതല്ലെന്നു ഇരുവരും മാധ്യമ പ്രവർത്തകരോടു തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ വിളിച്ചുപറഞ്ഞു.