പാലക്കാട്: ജമ്മു കാഷ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാമാർഗയിലെ ആശുപത്രിയിൽനിന്ന് ശ്രീനഗറിൽ എത്തിക്കും. വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ നോർക്ക ഓഫീസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു.
പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെ സോജില ചുരത്തിലായിരുന്നു അപകടം.
സുഹൃത്തുക്കളും അയൽക്കാരുമായ ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
വിനോദയാത്രയ്ക്കുപോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സോനാമാർഗിൽനിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞിൽ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു.
ആറ് പേർ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയിൽ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവർ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു.
മനോജ് എം. മഹാദേവ് (25), അരുണ് കെ. കറുപ്പുസ്വാമി (26), രാജേഷ് കെ. കൃഷ്ണൻ (30) എന്നിവർക്കാണു പരിക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരിക്കേറ്റ രാജേഷ്.
നിർമാണത്തൊഴിലാളിയാണ് അനിൽ. ദൈവാനയാണ് അമ്മ. ഭാര്യ സൗമ്യ. അനിലിന്റെ രണ്ടാമത്തെ കുട്ടിയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞആഴ്ചയിലാണ് നടന്നത്.
സർവേ ജോലി ചെയ്യുന്നയാളാണു സുധീഷ്. പ്രേമയാണ് അമ്മ. ഭാര്യ മാലിനി. സുധീഷിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് കഴിഞ്ഞത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണു രാഹുൽ. ചന്ദ്രികയാണ് അമ്മ. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണു വിഘ്നേഷ്. അമ്മ: പാർവതി.