പാലക്കാട്: കാഷ്മീരിലെ ദുരന്തത്തിൽ പ്രിയപ്പെട്ടവർ മരിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുകാരും നാട്ടുകാരും. സ്വപ്നയാത്രയാണ് ഒടുവിൽ ശ്രീനഗർ സോജില ചുരത്തിൽ ദുരന്തത്തിൽ കലാശിച്ചത്. ചിറ്റൂരിൽനിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്.
സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. അഞ്ച് വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്. എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവർ യാത്ര പോകാറുള്ളത്. കഴിഞ്ഞവർഷവും ഈസംഘം കാഷ്മീരിലേക്കുതന്നെയാണ് യാത്രപോയത്. കഴിഞ്ഞതവണ പല സ്ഥലങ്ങളും കാണാൻ സാധിക്കാത്തതിനാൽ ഈവർഷവും ഇവർ കാഷ്മീരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
കേരളത്തിൽ മാത്രം യാത്ര നടത്തിയിരുന്ന സംഘം കഴിഞ്ഞവർഷം മുതലാണ് കേരളത്തിനു പുറത്തേക്ക് യാത്രപോയി തുടങ്ങിയത്. 30ന് കാഷ്മീരിലേക്ക് ആദ്യം ഫ്ലൈറ്റിൽ പോകാനായിരുന്നു പ്ലാൻ. പക്ഷേ ചെലവ് കൂടുന്നതിനാൽ ഡൽഹി വരെ ട്രെയിനിലും പിന്നീട് വാഹനത്തിലുമായി യാത്ര ഒരുക്കുകയായിരുന്നു.
സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്കീയിംഗ് നടത്തി മടങ്ങുമ്പോൾ ചുരത്തിൽ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേർബാൽ എസ്പി നിഖിൽ ബോർക്കർ പറഞ്ഞു.
ഡ്രൈവർ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.