ചിറ്റൂർ: ഹൃദയം തകർന്ന നിലവിളികളോടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവർ ഏറ്റുവാങ്ങി. ജമ്മു കാഷ്മീരിൽ അപകടത്തിൽ മരിച്ച നാലു യുവാക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ ചിറ്റൂർ കണ്ണീർ പുഴയായി മാറി.
ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നുരാവിലെയാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ സ്വദേശികളായ അനിൽ (33), സുധീർ (23), വിസ്നേഷ് (22), രാഹുൽ (28) എന്നിവരാണ് നവംബർ 30 നുണ്ടായ അപകടത്തിൽ മരിച്ചത്. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്.
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിച്ചത്. നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. മാഞ്ചിറ ജൂനിയർ ടെക്നിക്കൽ സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 വരെ പൊതു ദർശനത്തിനു വച്ചു.
സ്കൂളിലെ പൊതുദർശനത്തിനുശേഷം 8.30 ന് മൃതദേഹങ്ങൾ അര കിലോമീറ്റർ അകലെയുള്ള മരിച്ചവരുടെ വിടുകളിലെത്തിച്ചു. മരണാനന്തര ചടങ്ങുകൾക്കുശേഷം രാവിലെ ഒന്‍പതിന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ മന്തക്കാട് ആര്യന്പള്ളം പൊതുശ്മശാനത്തിലെത്തിച്ച് സംസ്കാരം നടത്തി.
സംസ്കാര ചടങ്ങുകളിലും നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. നവംബര്‍ 30-നാണ് ചിറ്റൂര്‍ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാര്‍ഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കാഷ്മീരിലെത്തി രണ്ടുവാഹനങ്ങള്‍ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര.
ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്മാര്ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്താണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു.