കോഴിക്കോട്: മലയാളികൾ അടങ്ങിയ ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കാഷ്മീരിൽ അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യാങ്കോട് പുത്തൻപീടികയിൽ പി.പി. സഫ്വാൻ (23) ആണു മരിച്ചത്.
തിരുവനന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരനാണ് സഫ്വാൻ. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഇന്നലെ രാത്രി ഒന്പതിനായിരുന്നു അപകടം.
അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേർ മലയാളികളാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റവരെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. മലയാളികളായ അബ്ദുൾ ബാരി (25), തൽഹത്ത് (25) ഡാനിഷ് അലി(23) നിസാം (26) മുഹമ്മദ് സുഹൈൽ(24), ജമ്മു സ്വദേശിയായ സിമി (50) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പുത്തൻപീടികയിൽ അബ്ദുള്ളയുടെയും റംലയുടെയും മകനാണ് മരിച്ച സഫ്വാൻ. സഹോദരൻ: സഹൂദ്. തെരഞ്ഞെടുപ്പ് ദിവസം രാത്രി യാണ് പന്ത്രണ്ടുപേരടങ്ങുന്ന സംഘം കല്ലാച്ചിയിൽനിന്ന് പാലക്കാട് എത്തുകയും അവിടെ നിന്ന് കാഷ്മീരിലേക്ക് പോവുകയും ചെയ്തത്.
ജമ്മുകാഷ്മീരിലെ ബനിഹാളിൽ ഇവർ യാത്ര ചെയ്തിരുന്ന ടെന്പോ ട്രാവലർ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.