കാശ്മീരില്‍ ഭീകരാക്രമണം വീണ്ടും രൂക്ഷമായ സ്ഥിതിയ്ക്ക് പുനരധിവസിപ്പിച്ച കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ കാശ്മീരിലെ മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഇതര ജീവനക്കാരെയും സുരക്ഷിത മേഖലകളിലേക്കു മാറ്റും.
ഇതിനായി കശ്മീരിലെ എട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക മേഖലകള്‍ കണ്ടെത്തി. പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ അധ്യക്ഷന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും സിആര്‍പിഎഫ്, ബിഎസ്എഫ്, പൊലീസ്, ഐബി തലവന്മാരും പങ്കെടുത്തു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അധ്യാപിക ഉള്‍പ്പെടെ രണ്ടുപേരെ ഭീകരര്‍ വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭീതിയിലായ പണ്ഡിറ്റുകള്‍ കൂട്ടത്തോടെ താഴ്വര വിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് തൊണ്ണൂറുകളില്‍ താഴ്വര വിടാന്‍ നിര്‍ബന്ധിതരായ കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ 6000 പേരെ നിയമിച്ചിരുന്നു.
ബഡ്ഗാം, ബാരാമുള്ള, അനന്ത്നാഗ്, പുല്‍വാമ, കുപ്വാര, ഗന്ദര്‍ബാള്‍, ഷോപിയാന്‍, കുല്‍ഗാം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരില്‍ കുറച്ചു പേര്‍ക്ക് താമസസൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാടകവീടുകളില്‍ താമസിച്ചിരുന്നവരാണ് ആക്രമണത്തെ തുടര്‍ന്ന് താഴ്വര വിട്ടുപോയത്. ഭീകരര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടോയെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.