ബ്രാഹ്മണര്‍പോലും പശുവിറച്ചി നല്‍കി അതിഥികളെ സത്ക്കരിച്ചിരുന്നു! കാഷ്മീര്‍ ബ്രാഹ്മണരാകട്ടെ എക്കാലത്തും മാംസം കഴിച്ചിരുന്നു; നിലപാട് ആവര്‍ത്തിച്ച് എംജിഎസ്

dc-Cover-c4no7ob2o7pj1bb2cdl9ocv9m7-20161108012331.Mediഇന്ത്യയില്‍ ബ്രാഹ്മണര്‍ പോലും പശുവിനെയും കാളക്കുട്ടനെയും കൊന്ന് കറിവെച്ച് അതിഥികളെ സത്ക്കരിച്ചിട്ടുണ്ടെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ എം.ജി.എസ് നാരായണന്‍. പ്രാചീന കാലത്ത് ഗോമാംസത്തിന് വിലക്കുണ്ടായിരുന്നില്ലെന്നു മാത്രമല്ല അതൊരു വിശിഷ്ടാഹാരമായി കരുതപ്പെടുകയും ചെയ്തിരുവെന്നും അദ്ദേഹം പറയുന്നു. ‘ഗോമാംസ നിരോധനം തീവ്രവാദം’ എന്ന തന്റെ ലേഖനത്തിലാണ് എം.ജി.എസ് തന്റെ നിലപാട് ആവര്‍ത്തിക്കുന്നത്. ‘മാംസാഹാരത്തിന് മതപരമായ വിലക്കുകളൊന്നും ഹിന്ദുക്കളുടെ ശാസ്ത്രഗ്രന്ഥകളില്‍ വിധിച്ചുകാണുന്നില്ല. ബ്രാഹ്മണരുടെ കാര്യത്തില്‍പോലും അതുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, ചില നിഘണ്ടുക്കളില്‍ അതിഥി എന്ന പദത്തിന്റെ ഒരു പര്യായമായി ‘ഗോഘ്നന്‍’ എന്നുകൂടി കൊടുത്തിട്ടുണ്ട്.

അതിഥി എന്നാല്‍ തിഥിനോക്കാതെ, മുന്നറിയിപ്പൊന്നും കൂടാതെ സന്ദര്‍ശനത്തിനെത്താവുന്നയാള്‍ എന്നാണര്‍ത്ഥം. അത്തരം ഒരു വിശിഷ്ടവ്യക്തിയെത്തിയാല്‍ ഗോവിനെ, അതായത് കാളക്കുട്ടനെ കൊന്ന് കറിവെച്ച് സത്ക്കരിക്കണം എന്ന് ഗോഘ്ന സൂചിപ്പിക്കുന്നു.’ അദ്ദേഹം വിശദീകരിക്കുന്നു. കാഷ്മീര്‍ ബ്രാഹ്മണര്‍ എക്കാലത്തും മാംസം കഴിച്ചിരുന്നു. ബംഗാളി ബ്രാഹ്മണര്‍ ഗംഗാപുഷ്പം എന്ന ഓമനപ്പേരിട്ട് മത്സ്യം പ്രിയപ്പെട്ട ഭക്ഷണമാക്കിയിരുന്നു. ഇന്ത്യയില്‍ ജൈനമതത്തിന്റെ സ്വാധീനം കൊണ്ടാണ് ബ്രാഹ്മണരില്‍ ഒരുവിഭാഗം സസ്യാഹാരികളായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ഇന്ത്യയില്‍ ജൈനന്മാരാണ് അഹിംസയെ അത്യുന്നത പദവിയില്‍ പ്രതിഷ്ഠിച്ചത്. ജൈനമുനിമാര്‍ നടക്കുന്ന വഴിയില്‍ ഒരു മയില്‍പ്പീലികൊണ്ട് മുന്‍ഭാഗം തൂത്തുകളഞ്ഞുമാത്രം ഓരോ അടിയും വെയ്ക്കുക പതിവാക്കിയിരുന്നു. മണ്ണിലെ ചെറുജീവികളെ കൊല്ലാതിരിക്കാനായിരുന്നു അങ്ങനെ ചെയ്യുന്നത്. വിളക്ക് കത്തിച്ചാല്‍ ശലഭങ്ങള്‍ തീയില്‍ വീണു ചാവും എന്നു ഭയപ്പെട്ട് അവര്‍ സന്ധ്യക്ക് മുന്‍പേ അതായത് പകല്‍ തന്നെ ഭക്ഷണം പതിവാക്കി. പശ്ചിമേഷ്യയിലെ ജൈനന്മാരുടെ സമ്പര്‍ക്കത്തിലൂടെയാണ് ഹിന്ദുക്കളില്‍, പ്രത്യേകിച്ച് ബ്രാഹ്മണരില്‍ ഒരുവിഭാഗം സസ്യാഹാരികളായി മാറിയത്.’ അദ്ദേഹം പറയുന്നു.

ഗോമാംസം ഒരു തര്‍ക്ക വിഷയമായി വളര്‍ത്തുന്ന ഹിന്ദുത്വതീവ്രവാദികളുടെ വാദങ്ങള്‍ക്ക് ചരിത്രത്തിലോ മതഗ്രന്ഥങ്ങളിലോ അംഗീകാരമില്ലെന്നു പറഞ്ഞ അദ്ദേഹം അന്യജാതിക്കാരെയും മതക്കാരെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടി. ഗോമാംസഭോജനം ഇന്ത്യന്‍ സംസ്‌കാരമല്ലെന്ന വാദം തെറ്റാണെന്ന് നേരത്തെയും എം.ജി.എസ് പറഞ്ഞിരുന്നു. ഹിന്ദുത്വത്തില്‍ ഗോവധവും ഗോ മാംസം ഭക്ഷിക്കുന്നതും നിഷിദ്ധമാണ് എന്ന ഹൈന്ദവസംഘടനകളുടെ വാദം രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി മാത്രമുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘മഹര്‍ഷിമാരുടെ ആശ്രമത്തിലെത്തുന്ന അതിഥികള്‍ക്ക് കാളയുടെ മാംസം ഭക്ഷണമായി നല്‍കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് അതിഥിക്ക് സംസ്‌കൃതത്തില്‍ ‘ഗോഘ്‌നന്‍’ എന്ന പര്യായം വന്നത്.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related posts