എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥ റദ്ദാക്കി ജമ്മു കാഷ്മീരിനെ വിഭജിച്ച പശ്ചാത്തലത്തിൽ കേരളത്തിലും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന സൂചനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശം.
രാജ്ഭവൻ, പോസ്റ്റ് ഒാഫീസുകൾ എജി ഓഫീസ് തുടങ്ങി സംസ്ഥാനത്തെ മുഴുവൻ കേന്ദ്ര സ്ഥാപനങ്ങൾക്കും നേരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലകളിലെ പ്രധാന കേന്ദ്ര സ്ഥാപനങ്ങളിലെല്ലാം സുരക്ഷയുടെ ഭാഗമായി പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെ എല്ലാ സ്ഥലങ്ങളിലും പോലീസ് പട്രോളിംഗുമുണ്ട്. അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്ന മുന്നറിപ്പ് രാജ്യംമുഴുവൻ കേന്ദ്ര ഏജൻസികളും നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം ഇന്നലെ തന്നെ കേന്ദ്രം നൽകിയിരുന്നു.
ഇന്നു രാജ്ഭവനിലേക്ക് സിപിഎം അടക്കം നിരവധി സംഘടനകളുടെ മാർച്ചുണ്ട്. യുവജന സംഘടനകളുടെ മാർച്ചുകളും സംസ്ഥാനം മുഴുവനും ഉണ്ടാകും ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ തന്നെയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാൻ
ന്യൂഡൽഹി: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പാക്കിസ്ഥാൻ മാധ്യമങ്ങളും ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
അതേസമയം കാഷ്മീരിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. മേഖലയിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ട്വിജ്വാരക്ക് പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണം.നിയന്ത്രണരേഖയിലെ സൈനിക നടപടി വർധിപ്പിച്ചതിലെ ആശങ്കയാണ് യുഎൻ പങ്കുവച്ചത്.