വാഷിംങ്ടണ്‍: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചർച്ചചെയ്യും. അനൗദ്യോഗിക ചർച്ചയാണ് നടക്കുക. വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയുടെ കത്ത് സമിതിക്ക് ലഭിച്ചതിനെത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് യോഗം.
സുരക്ഷാ കൗണ്‍സിൽ പ്രസിഡന്റ് ജോന്ന റോണെക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ച പ്രക്ഷേപണം ചെയ്യുകയോ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുകയോയില്ല. ചർച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമർശങ്ങളുമൊന്നും റെക്കോർഡായി സൂക്ഷിക്കില്ല. വിഷയം മാധ്യമങ്ങൾ വഴി പൊതുസമൂഹത്തെ അറിയിക്കുകയുമില്ല.
കാഷ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ വിഷയത്തിൽ രക്ഷാസമിതി യോഗം ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പാക്കിസ്ഥാനാണ്. അടിയന്തര ചർച്ചയിൽ നിന്ന് പാക്കിസ്ഥാൻ പ്രതിനിധിയെ ഒഴിവാക്കി.
കാഷ്മീർ വിഷയത്തിൽ 1971നു ശേഷം ആദ്യമായാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരുന്നത്. പാക് നിലപാടിനെ പിന്തുണച്ചാണ് ചൈന, കാഷ്മീർ വിഷയത്തിൽ അടച്ചിട്ടമുറിയിൽ ചർച്ച എന്ന ആവശ്യവുമായി സമിതി അധ്യക്ഷനെ സമീപിച്ചിരിക്കുന്നത്.
ചൈന ഒഴികെയുള്ള രക്ഷാ സമിതി സ്ഥിരം അംഗങ്ങളായ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ നടപടിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാഷ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.