27 വര്‍ഷവും ആ ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പൈതൃകവും അടയാളപ്പെടുത്തലുമായിരുന്ന ആ ക്ഷേത്രത്തെ പുതുക്കി പണിയാന്‍ അവര്‍ ഒന്നിച്ചു, ജാതീയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന ജനതയ്ക്ക് മാതൃകയാകാന്‍. ജമ്മു കാഷ്മീരിലെ ബന്ദിപൂര ജില്ലയിലെ നന്ദികിഷോര്‍ ക്ഷേത്രമാണ് മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ മുന്‍കൈയെടുത്ത് പുനരുദ്ധരിച്ചത്. 27 വര്‍ഷം മുമ്പ് കാഷ്മീരി പണ്ഡിറ്റുകള്‍ പാലയനം ചെയ്തതോടെയാണ് ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥയ്ക്ക് തുടക്കമാകുന്നത്.
ക്ഷേത്രം പുനരുദ്ധരിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ഭൂരിഭാഗവും മുസ്ലീം സമുദായത്തിലുള്ളവര്‍. സമീപ ജില്ലകളിലെ ഹിന്ദു സഹോദരന്മാരെയും അവര്‍ ക്ഷേത്രം നവീകരിക്കാനായി ക്ഷണിച്ചിരുന്നു. എന്താണ് നിങ്ങളെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രദേശവാസിയായ മുഹമ്മദ് സുല്‍ത്താന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ കലാപ സമയത്ത് പാലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകള്‍ തിരിച്ചെത്തണമെന്ന ആഗ്രഹവും പ്രാര്‍ഥനയുമാണ് ഞങ്ങള്‍ക്ക്. 1990നു മുമ്പ് ഞങ്ങള്‍ (ഹിന്ദുക്കളും മുസ്ലീങ്ങളും) ഒരു കുടുംബത്തെപ്പോലെയാണ് ഇവിടെ താമസിച്ചിരുന്നത്. ഹിന്ദു സഹോദരങ്ങളുടെ സാന്നിധ്യമില്ലാതെ ഞങ്ങളുടെ ജീവിതം പൂര്‍ണമാകുകയില്ല’ സുല്‍ത്താന്റെ വാക്കുകള്‍ തന്നെയായിരുന്നു അവിടെയെത്തിയ ഓരോരുത്തരുടെയും മുഖത്ത്.
അമ്പലം നവീകരിച്ചതില്‍ മാത്രം ഒതുങ്ങിയില്ല കാര്യങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം ശിവരാത്രി ആഘോഷിക്കാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തത് ആ ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങളായിരുന്നു. തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ അംഗങ്ങളും ഈ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ എത്തിയിരുന്നു. ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.