കാഷ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ 43 ജവാന്മാര്‍ വീരമൃത്യു അടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യത്തെ ജനങ്ങള്‍ കേട്ടത്. രാജ്യ സേവനത്തിനായി സ്വയം സമര്‍പ്പിച്ച അവരുടെ സേവനത്തിന് മുന്നില്‍ ശിരസ് നമിക്കുകയാണ് ഓരോ ഇന്ത്യക്കാരനും.
വീരമൃത്യു വരിച്ചവരുടെ കൂട്ടത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി.വി.വസന്തകുമാറും ഉണ്ടെന്നതാണ് മലയാളികളെ കൂടുതല്‍ വികാരാധീനരാക്കിയത്. ഒരു മാസത്തെ അവധിയ്ക്കുശേഷം കാഷ്മീരിലേയ്ക്ക് മടങ്ങിയതായിരുന്നു വസന്തകുമാര്‍. പുല്‍വാമയിലെ ഈ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചു കഴിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ കേന്ദ്രമായുള്ള ജയ്ഷ ഇ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ തങ്ങളുടെ സങ്കടവും ദേഷ്യവും മലയാളികള്‍ പ്രകടിപ്പിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് മലയാളികള്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നത്. മലയാളത്തില്‍ തന്നെ, തങ്ങളോട് ചെയ്തതിന് ഇതിന്റെ പലമടങ്ങായി തിരിച്ച് തന്നിരിക്കുമെന്നും വ്യക്തമായ രാഷ്ട്രീയ ചിന്തകള്‍ രാജ്യത്തിനകത്ത് ഞങ്ങള്‍ക്കുണ്ടെങ്കിലും മോദിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും നല്ല പണി തരുമെന്നുമാണ് എല്ലാവരും കുറിക്കുന്നത്. ഇന്ത്യന്‍ ആര്‍മി എന്ന ഹാഷ്ടാഗോടു കൂടിയാണ് എല്ലാവരും കമന്റുകള്‍ ഇടുന്നത്.