ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ച തുടരുന്ന ജമ്മുകാഷ്മീരിലെ പല ജില്ലകളിലും ഹിമപാത മുന്നറിയിപ്പ്. ബന്ദിപ്പോർ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ കുറഞ്ഞ അപകടസാധ്യതയുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു.
2,400 മീറ്ററിനു മുകളിലുള്ള പ്രദേശങ്ങളിലാണു ഹിമപാത സാധ്യത. ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാൽ ജില്ലകളിൽ 2,200 മീറ്ററിനു മുകളിൽ ഇടത്തരം അപകടനിലയുള്ള ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം, ജമ്മു കാഷ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്.
ഇന്നലെ താപനില ഒൻപത് ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. കാഷ്മീർ താഴ്വരയിലെ പല ജില്ലകളിലും ഇപ്പോൾ മഞ്ഞ് മൂടിയിരിക്കുകയാണ്. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതത്തെയും വിമാന സർവീസുകളെയും മഞ്ഞ് ബാധിച്ചു.