ഇന്ന് മത്സരപ്പരീക്ഷകളുടെ കാലമാണ്; നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് നേടാനും നല്ല ഉദ്യോഗം നേടാനുമൊക്കയുള്ള വഴിയാണ് മത്സരപ്പരീക്ഷകള്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആകാശത്തിനു കീഴെയുള്ള വിഷയങ്ങളെ പറ്റിയുള്ള അറിവു വര്‍ധിപ്പിക്കാം എന്നതു തന്നെ. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു ഉപയോഗം മത്സരപരീക്ഷകള്ക്കുണ്ടെന്നു കാണിച്ചു തരികയാണ് ഇന്ത്യന്‍ സൈന്യം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാം പരിശീലനം വഴി കശ്മീര്‍ ജനതയുടെ മനസ്സുകളിലേക്കു സൗഹൃദത്തിന്റെ പാലമിടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സേന.
കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്കുന്ന ഈ ഉദ്യമത്തിന്റെ പേരാണ് സൂപ്പര്‍ 40. പാവപ്പെട്ട പശ്ചാത്തലമുള്ള നാല്പതു കശ്മീരി വിദ്യാര്‍ഥികള്‍ക്കാണ് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ജെഇഇ പരിശീലനം നല്‍കുന്നത്. താരതമ്യേന കടുപ്പമേറിയ ജെഇഇയുടെ അവസാന ഘട്ട ഫലം വന്നപ്പോള്‍ സൂപ്പര്‍ 40ല്‍ നിന്നും ജയിച്ചു കയറിയത് ഒമ്പത് കാശ്മീരി യുവാക്കളാണ്. രണ്ട് പെണ്‍കുട്ടികള്‍ അടക്കം 28 വിദ്യാര്‍ത്ഥികള്‍ ജെഇഇയുടെ ആദ്യ ഘട്ടമായ ജെഇഇ മെയിന്‍സില്‍ വിജയിച്ചിരുന്നു.
സെന്റര്‍ ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ആന്‍ഡ് ലേണിങ്ങ്(സിഎസ്ആര്എല്), പെട്രോനെറ്റ് എല്‍എന്‍ജി എന്നിവരുടെ സഹകരണത്തോടെ 2013 മുതലാണ് സൈന്യം പരിക്ഷാ പരിശീലനം നല്കി തുടങ്ങിയത്. 11 മാസത്തെ സൗജന്യ താമസവും ഭക്ഷണവും ക്ലാസുകളും അടങ്ങുന്നതാണ് പരിശീലനം. കല്ലുകള്‍ താഴെയിട്ടു പുസ്തകങ്ങളും ലാപ്ടോപ്പുകളുമേന്താനാണു കശ്മീരി യുവത്വത്തോടുള്ള സൈന്യത്തിന്റെ ആഹ്വാനം. ഇത്തവണത്തെ മിന്നുന്ന വിജയത്തിന്റെ ചുവടു പിടിച്ച് സൂപ്പര്‍ 40യെ വികസിപ്പിച്ച് സൂപ്പര്‍ 50 ആക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ ഈ പ്രവൃത്തിയ്ക്ക് പല കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.