ശ്രീനഗർ: കാഷ്മീരിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ്(24) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്ന് രാവിലെ 10.20 ഓടെയാണ് മരിച്ചത്. കാഷ്മീർ സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജമ്മു കാഷ്മീരിലേക്ക് വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്.
എട്ട് പേർ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. വാഹനം കൊക്കയിലേക്ക് വീഴാതിരിക്കാൻ ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവർ നേരത്തേ മരിച്ചിരുന്നു. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
ഇവരെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കാഷ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും മരിച്ചു. മരിച്ച യുവാക്കളെല്ലാം ഒന്നിച്ച് കളിച്ചു വളർന്ന കൂട്ടുകാരാണ്. ഇന്നലെയാണ് അപകടത്തിൽ മരിച്ച നാല് യുവാക്കളുടെ മൃതദേഹം സംസ്കരിച്ചത്.
മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥലം എംഎൽഎയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.