രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികരോടുള്ള തന്റെ സ്‌നേഹം എല്ലാവര്‍ക്കും പ്രചോദനമാവണം! കാഷ്മീരില്‍ മരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ഒരു യുവാവ്

കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം നടുക്കിയിരുന്നു. രാജ്യസ്‌നേഹികളായ ഓരോരുത്തര്‍ക്കും അത് സമ്മാനിച്ച വേദന ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ തങ്ങള്‍ക്കുവേണ്ടി കാവല്‍ നിന്ന് ജീവന്‍ നഷ്ടപ്പെടുത്തിയ സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീരമൃത്യു വരിച്ച സൈനികരുടെ പേര് സ്വന്തം ശരീരത്തില്‍ പച്ചകുത്തി രാജസ്ഥാനിലെ ശ്രീദുംഗര്‍ഗലിലെ ഗോപാല്‍ സഹ്‌റാന്‍ എന്ന യുവാവ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു.

രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ പേര് സ്വന്തം ശരീരത്തില്‍ പച്ച കുത്തിയാണ് ഈ യുവാവ് സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാല്‍ പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അര്‍ധസൈനികരുള്‍പ്പെടെ 71 പേരുടെ പേരുകളാണ് ഗോപാല്‍ വേദന സഹിച്ച്, സ്വന്തം ശരീരത്തില്‍ എഴുതിച്ചേര്‍ത്തത്. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്നും ഗോപാല്‍ വ്യക്തമാക്കി.

Related posts