ന്യൂഡൽഹി: ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്കു കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായ ശേഷം ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണിത്.
ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു.