സ്വന്തം ലേഖിക
തിരുവനന്തപുരം: പച്ചയും ചുവപ്പും വർണങ്ങൾ ഇടകലർന്ന കാശ്മീരി ബെർപഴം, കാശ്മീരി സുന്ദരി ആപ്പിൾ എന്നും അറിയപ്പെടുന്നു. ഈ വിശേഷണം തികച്ചും അന്വർഥമാക്കുകയാണ് ഇലന്തപഴത്തിന്റെ രൂപഭംഗി! പോത്തൻകോട് മണിമേടയിലെ മട്ടുപ്പാവിലാണ് ഇലന്തപ്പഴം. ജൈവകർഷകയായ ചന്ദ്രിക രാജേന്ദ്രന്റെ പരിപാലനത്തിലാണ് ഈ സുന്ദരിപ്പഴമങ്ങനെ കായ്ച്ച് നില്ക്കുന്നത്.
ഈ കാശ്മീരി ബെർ ആപ്പിൾ (സുന്ദരി) മാത്രമല്ല പച്ച നിറത്തിൽ ബോൾ സൈസിലെ ചെറുപഴം, പച്ച നിറത്തിലെ തന്നെ ബനാനസൈസ് പിന്നെ ചുവന്ന ബെർ ആപ്പിൾ എന്നിങ്ങനെ നാലിനം ഇലന്തപ്പഴ ശേഖരമാണ് മട്ടുപ്പാവിലെ തോട്ടത്തിലുള്ളത്. സാധാരണ പച്ചയോ, ചുവപ്പോ ഇനത്തിൽപ്പെടുന്ന രണ്ടുതരം ബെർ ആപ്പിളുകളാണ് കേരളത്തിലെ കൃഷിയിടങ്ങളിൽ കണ്ടുവരുന്നത്.
ഇതിൽ നിന്നും വ്യത്യസ്തമായാണ് ഈ അപൂർവ ഇലന്തപ്പഴ കൃഷി. ഒന്നരവർഷം മുൻപാണ് ചന്ദ്രിക രാജേന്ദ്രൻ ആദ്യ ബെർ ആപ്പിൾ ചെടി മുട്ടുപ്പാവിൽ നടുന്നത്. നഴ്സറിയിൽ നിന്നും വാങ്ങിയ ഗ്രാഫ്റ്റ് ചെയ്ത തൈയാണ് ചെടിചട്ടിയിൽ നട്ടത്. എല്ലാ ചെടികൾക്കും നല്കുന്നത് പോലെയുള്ള ജൈവ വളമിശ്രതമാണ് നല്കിയതും.
എട്ടു മാസം കൊണ്ട് ബെർ ആപ്പിൾ ചെടി കായ്ക്കുകയായിരുന്നു. പിന്നീട് മറ്റ് മൂന്നിനം ബെർ ആപ്പിൾ ചെടികൾ വാങ്ങി നട്ടു. നല്ല മധുരമുള്ളതും ജലാശം കൂടുതലുള്ളതുമാണ് ഇലന്തപ്പഴം. ഇതിൽ പച്ച ഇനങ്ങളിൽ ജലാംശം ഏറെയുണ്ട്. നിലത്ത് നട്ടാൽ വലിയ മരമായി മാറുന്ന ഇലന്തപ്പഴം, ചെടിചട്ടിയിൽ നടുന്പോൾ പ്രൂണിംഗ് ആവശ്യമാണ്.
യഥാസമയങ്ങളിൽ ചെടി വെട്ടി ഒതുക്കി നിർത്തുകയും ആവശ്യമായ ജൈവവളം നല്കുകയും ചെയ്യുന്പോഴാണ് ബെർ ആപ്പിൾ ചെടി പാകമായി ഫലങ്ങൾ നല്കുന്നത്. എല്ലുപൊടി, ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ കലർത്തി അഞ്ചു ദിവസം വച്ചശേഷം ഒരു കപ്പിനു പത്ത് കപ്പ് വെള്ളം എന്ന തോതിലാണ് ഇലന്തപ്പഴ ചെടികൾക്കു നല്കിയത്.
പ്രശസ്ത ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലെ ആത്മ സ്കൂളിൽ നിന്നാണ് കൃഷി അറിവുകൾ ഈ വീട്ടമ്മ ആദ്യം നേടുന്നത്. കഴിഞ്ഞ ഒന്പത് വർഷക്കാലമായി ജൈവകൃഷിയിൽ പ്രാഗത്ഭ്യം തെളിയിച്ചുവരുന്നു. പച്ചക്കറി കൃഷിയിലാണ് തുടക്കം. പഴച്ചെടികളോടുള്ള ഇഷ്ടമാണ് പഴകൃഷിയിലേക്കു തന്നെ എത്തിച്ചതെന്നും ചന്ദ്രിക പറയുന്നു.
സ്ട്രോബറി, മുന്തിരി, ഓറഞ്ച്, ഡ്രാഗണ് ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട് തുടങ്ങി ഒട്ടനവധി വേറിട്ട പഴകൃഷി വിജയകരമായി നടത്തുന്നുണ്ട്.കൂടാതെ വ്യത്യസ്തതരം മാവ്, പ്ലാവ്, പേര തുടങ്ങിയവയുടെ കൃഷിയും നടത്തിവരുന്നുണ്ട്. ജുജുബ്ബ് എന്നറിയപ്പെടുന്ന ബെർ ആപ്പിൾ ഇന്ത്യൻ പ്ലം എന്നും വിശേഷിപ്പിക്കപ്പെടുന്നു.
(liziphsumauritiana) എന്നാണ് ശാസ്ത്രനാമം. അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഉള്ളതാണ് ഇലന്തപ്പഴം. ശരീരാരോഗ്യത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ചന്ദ്രിക രാജേന്ദ്രൻ മട്ടുപ്പാവിൽ ബെർ ആപ്പിൾ കൃഷി തുടങ്ങുന്ന കാലത്ത് കേരളത്തിൽ തന്നെ ബെർ ആപ്പിൾ കൃഷി ചെയ്യുന്നവർ കുറവായിരുന്നു.
എന്നാൽ ഇപ്പോൾ ഇലന്തപ്പഴത്തിന്റെ ഗുണങ്ങൾ കേട്ടറിഞ്ഞ് പല കർഷകരും കൃഷി സ്നേഹികളും ഇവ കൃഷി ചെയ്തു വരുന്നുണ്ട്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പഴത്തിലെ ഇരുന്പിന്റെ തോത് രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കും.
വൈറ്റമിനുകളും ആന്റി ഓക്സിഡൻസും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കാൻസർ പ്രതിരോധത്തിനു സഹായിക്കും. നല്ല ഉറക്കം പ്രദാനം ചെയ്യും. രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിക്കുവാൻ കഴിയും. നാഡീഞരന്പുകളുടെ സംരക്ഷത്തിനും പ്രതിരോധ ശക്തി വർധനത്തിനും രക്തയോട്ടത്തിനും ഉചിതം എന്ന് കരുതപ്പെടുന്നു.
അലർജിയ്ക്കു എതിരായി പ്രവർത്തിക്കുന്നു. മാനസിക സമ്മർദം കുറയ്ക്കുവാനും നല്ലതാണ്. ചർമകാന്തി വർധിപ്പിക്കുവാനും ഇലന്തപ്പഴം അനുയോജ്യമത്രേ. അസ്ഥികളുടെ ബലത്തിനും നല്ലത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ബെർ ആപ്പിൾ കൃഷി ചെയ്യുന്നുണ്ട്.