ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അമ്മമാർ കരഞ്ഞപേക്ഷിച്ചപ്പോൾ ഭീകരാക്രമണ പരിപാടി ഉപേക്ഷിച്ചു 20 വയസുള്ള രണ്ടു പേർ സൈന്യത്തിനു കീഴടങ്ങി.
ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ഹഡിഗ്രാം ഗ്രാമത്തിലാണു സംഭവം.
ശ്രീനഗറിൽ നിന്നു 70 കിലോമീറ്റർ അകലെയുള്ള ഹഡിഗ്രാം ഗ്രാമത്തിൽ ഭീകരർ ഒളിവിൽ കഴിയുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ച സുരക്ഷാ സൈനികർ എത്തുകയായിരുന്നു.
സുരക്ഷാ ഭടന്മാരെ കണ്ടയുടൻ ഒരു വീട്ടിനുള്ളിൽനിന്നു സൈന്യത്തിനു നേർക്കു ഭീകരർ നിറയൊഴിച്ചു. പുലർച്ച 2.30നാണു സംഭവം.
തുടക്കത്തിൽ പ്രത്യാക്രമണത്തിനു തയാറെടുത്തെങ്കിലും വീടിനുള്ളിൽ കാഷ്മീരികളായ രണ്ടു ചെറുപ്പക്കാരാണ് ഉള്ളതെന്ന് നാട്ടുകാരിൽനിന്നു സൈനികർക്കു വിവരം ലഭിച്ചതിനെ തുടർന്നു കൂടുതൽ വെടിവയ്പില്ലാതെ സൈനികർ വീടു വളഞ്ഞു.
ചെറുപ്പക്കാരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഭീകരതയോടു യോജിപ്പില്ലാത്തവരാണെന്നും കുട്ടികളെ മുഖ്യധാരയിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നവരുമാണെന്നും നാട്ടുകാർ അറിയിച്ചതാണു രക്ഷയായത്.
തുടർന്നു ചെറുപ്പക്കാരുടെ വീടുകളിലെത്തി അമ്മമാരെയും കുടുംബാംഗങ്ങളെയും കൂട്ടി സൈനികർ സംഭവ സ്ഥലത്തെത്തി.
തങ്ങളുടെ മക്കളെ ഒന്നും ചെയ്യരുതെന്നും അവരോട് കീഴടങ്ങാൻ ആവശ്യപ്പെടാമെന്നും അമ്മമാർ അറിയിച്ചു.
“എന്റെ മകനേ നദീം, പുറത്തിറങ്ങി വരൂ. നിന്റെ അമ്മയാണ് ഞാൻ. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സുരക്ഷാ സൈനികരോടു ഞാൻ മാപ്പു ചോദിച്ചു കൊള്ളാം.
മോൻ പുറത്തേക്കു വരൂ’’- അമ്മമാരിൽ ഒരാൾ കരഞ്ഞപേക്ഷിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു. രണ്ടാമത്തെ അമ്മയും വിങ്ങിപ്പൊട്ടി മകനോടു പുറത്തേക്കു വരാൻ അപേക്ഷിച്ചു.
ഇതോടെ 20 വയസുകാരായ രണ്ടു പേരും കതകു തുറന്ന് കൈകൾ പൊക്കി പുറത്തിറങ്ങി. സന്തോഷം കൊണ്ടു മക്കളെ കെട്ടിപ്പിടിച്ചു അമ്മമാർ ഉമ്മ വച്ചു.
തോക്കുകൾ സൈനികർക്കു കൈമാറി രണ്ടു പേരും സുരക്ഷാ സൈനികർക്കു കീഴടങ്ങിയതോടെ അപൂർവമായൊരു സംഗമത്തിനു വഴിതെളിഞ്ഞു.
അടുത്തിടെ മാത്രം ഭീകരപ്രവർത്തനത്തിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണു രണ്ടു ചെറുപ്പക്കാരുമെന്ന് സൈന്യം അറിയിച്ചു.
കീഴടങ്ങിയ ഇരുവർക്കും തൊഴിൽ നൽകുന്നത് അടക്കമുള്ള സംരക്ഷണം നൽകും. ഭീകരപ്രവർത്തനത്തിലേക്കു തിരിയുന്ന യുവാക്കൾക്കെല്ലാം സംഭവം മാതൃകയാണെന്നു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.