ദൃശ്യങ്ങള്‍ ഒന്നുതന്നെ, പക്ഷേ..! രാഹുല്‍ ഗാന്ധിയോട് കാഷ്മീരിലേക്ക് വരരുതെന്ന് കാഷ്മീര്‍ യുവതി; സത്യത്തില്‍ സംഭവിച്ചത് എന്താണ്? വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

മോദിയുടെ ഭരണത്തില്‍ കാഷ്മീര്‍ ജനത സന്തുഷ്ടരാണെന്നും രാഹുല്‍ ഗാന്ധിയോട് കാഷ്മീരിലേക്ക് വരരുതെന്നും ആവശ്യപ്പെട്ട് കാഷ്മീര്‍ യുവതി രാഹുല്‍ ഗാന്ധിയെ വിമാനത്തില്‍ തടഞ്ഞു. ഈ അടിക്കുറിപ്പോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്‌സാപ്പിലും വൈറലായി പ്രചരിക്കുകയാണ് ഇപ്പോള്‍ നാം കണ്ട വിഡിയോ.

വികാര വിക്ഷോഭത്തോടെയാണ് സ്ത്രീ സംസാരിക്കുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ വിഡിയോയില്‍ ഓഡിയോ ക്ലിയറല്ല. അതിനാല്‍ തന്നെ സ്ത്രീ എന്താണ് സംസാരിക്കുന്നതെന്നു മനസിലാക്കാന്‍ പ്രയാസം. വിമാനത്തിനുള്ളില്‍ വെച്ചെടുത്തതാണ് ഈ വിഡിയോ എന്ന് വ്യക്തം.

എന്നാല്‍ സത്യത്തില്‍ ഈ വിഡിയോയില്‍ ആ സ്ത്രീ സംസാരിക്കുന്നത് എന്താണ്? രാഹുല്‍ ഗാന്ധിയോട് കാഷ്മീരില്‍ എത്തരുത് എന്ന് താക്കീതു നല്‍കുകയാണോ ഇവര്‍? ഇതു മനസിലാക്കാന്‍ യഥാര്‍ഥ വിഡിയോ കൂടെ കാണേണ്ടതുണ്ട്.

ആദ്യം കണ്ട വിഡിയോ മനപൂര്‍വം തെറ്റിധാരണ പരത്തുന്നതിനായി എഡിറ്റ് ചെയ്ത് ശബ്ദം ഇല്ലാതാക്കിയതാണ്. ഇനി സംഭവത്തിന്റെ യഥാര്‍ഥ വിഡിയോ ഒന്നു കണ്ടു നോക്കാം.

**

ഈ വിഡിയോയില്‍ നിന്ന് അവര്‍ സംസാരിക്കുന്നത് എന്താണെന്ന് നമുക്ക് മനസിലാകും. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി രാഹുല്‍ ഗാന്ധിയോട് വിവരിക്കുകയാണ് ഈ സ്ത്രീ.

വീടുവിട്ടു പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല, കുട്ടികളെ കാണാതെ പോകുന്നു. കാണാതാകുന്ന കുട്ടികളെക്കുറിച്ച് ദിവസങ്ങളായി വിവരമൊന്നും കിട്ടുന്നില്ല തുടങ്ങി തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി വിവരിക്കുകയാണ് ഈ സ്ത്രീ ചെയ്യുന്നത്.

ഇനി ആദ്യമേ പ്രചരിച്ച വിഡിയോ തെറ്റാണെന്നു തെളിയിക്കുന്ന ഒന്നാണ് വിഡിയോയുടെ അവസാന ഭാഗം. കാരണം രാഹുല്‍ ഗാന്ധി തന്നോടു സംസാരിക്കുന്ന സ്ത്രീയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്നത് ഈ വിഡിയോയുടെ അവസാനം വളരെ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

രാഷ്ട്രീയ വൈരാഗ്യം മറ്റുള്ളവരിലേക്ക് കുത്തിക്കയറ്റാന്‍ നടത്തുന്ന ശ്രമങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഈ വിഡിയോയും. ഈ പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രം. തന്നോട് കയര്‍ത്തു സംസാരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?

അതോ ഇതിനുള്ള സ്വഭാവഗുണം രാഹുല്‍ ഗാന്ധിക്കുണ്ട് എന്ന് സമ്മതിക്കുകയാണോ നിങ്ങള്‍? എന്താണ് ഉദ്ദേശിച്ചത്? വ്യാജമായി തയാറാക്കിയ ഈ വിഡിയോ നിര്‍മിച്ചവര്‍ ഇതിന് ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുക വയ്യ.

Related posts