വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകർന്നെങ്കിലും മലയോരത്തെ കശുമാവ് കർഷകർക്കു തീമഴയായി.
മഴയെത്തുടർന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കർഷകരെ വലച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടുനിന്നതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കശുമാവുകൾ പൂക്കാൻ വൈകിയതിനാൽ വിളവെടുപ്പ് ആരംഭിച്ചതു മാർച്ചിലാണ്.
കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലയ്ക്കു വിറ്റഴിക്കാനാകാതെ വിഷമിച്ച കർഷകർ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
2018ൽ സീസണ് തുടക്കത്തിൽ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വർഷം 130 രൂപയാണ് കർഷകർക്ക് കിട്ടിയ കൂടിയ വില. ആദ്യത്തെ വേനൽമഴക്ക് തന്നെ ഈ വില കുറഞ്ഞു.
മഴ പെയ്യുന്പോൾ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കുശേഷം കിലോഗ്രാമിന് 85 രൂപ നിരക്കിലാണു കശുവണ്ടി സംഭരണം നടക്കുന്നത്. കശുവണ്ടിപ്പരിപ്പ് വിപണിയിൽ വലിയ വിലക്ക് വിറ്റഴിക്കപ്പെടുന്പോഴും കശുവണ്ടി ഉൽപ്പാദിപ്പിച്ചു നൽകുന്ന കർഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്നു രക്ഷിക്കാനും ന്യായ വില ലഭ്യമാക്കാനും സർക്കാർ ഇടപെടാത്തതിൽ കടുത്ത അമർഷമാണു കർഷകർക്കുള്ളത്.