കൊല്ലം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് പെന്ഷന് നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കേരള കശുവണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സില്‍ (എഐ.ടി.യു.സി.) ആവശ്യപ്പെട്ടു .അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ക്ഷേമനിധി പെന്ഷന് നിഷേധിക്കുന്ന നടപടി പിന്‍വലിക്കുക, പെന്‍ഷന്‍പറ്റി പിരിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് 15 മുതല്‍ ഓഗസ്റ്റ് 15 വരെ ഫാക്ടറികള്‍ക്കു മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കേന്ദ്രകൗണ്‍സില്‍ തീരുമാനിച്ചു.
തോട്ടണ്ടിയുടെ വില ഗണ്യമായി കുറയുകയും പരിപ്പിന്റെ വില കൂടുകയും ചെയ്തിട്ടും ചില സ്വകാര്യ വ്യവസായികള്‍ കേരളത്തിലെ ഫാക്ടറികള്‍ അടച്ചിട്ട് അന്യസംസ്ഥാനങ്ങളില്‍ വ്യവസായം നടത്തുകയാണ്. ഇതിന്റെ ഫലമായി ഇപ്പോഴും നാനൂറോളം ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണ്. തൊഴിലാളികളെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന ഉടമകളുടെ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴില്‍ നല്‍കേണ്ടതാണ്.
പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ നിയമനിഷേധം കൊടികുത്തി വാഴുകയാണ്. മിനിമം കൂലി നിഷേധിക്കലും ഡി.എ. വെട്ടിപ്പും വ്യാപകമായി. പ്രതിഷേധിച്ചാല്‍ ഫാക്ടറി പൂട്ടിയിടുമെന്ന് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. തൊഴില്‍ വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രകൗൺസിൽ കുറ്റപ്പെടുത്തി.
കോര്പ്പറേഷന്-കാപ്പക്സ് ഫാക്ടറികളില്‍ നിന്നും 2013 മുതല്‍ പെന്ഷന് പറ്റിയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശികയാണ്. കൂടാതെ കോര്പ്പറേഷന് വിട്ടുകൊടുത്ത നാല് സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും പത്തു വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല.
ഈ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി അടിയന്തിരമായി കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ. ഫസലുദ്ദീന്‍ ഹക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.അഡ്വ. ജി. ലാലു , ജി. ബാബു, അയത്തില്‍ സോമന്, അഡ്വ. സി.ജി. ഗോപുകൃഷ്ണന്, എസ്. അഷറഫ്, റ്റി.എം. മജീദ്, മുളവന രാജേന്ദ്രന്, എന്‍. പങ്കജരാജന്‍, വി. സുഗതന്, ആര്. സുന്ദരേശന്, എ.ജി. രാധാകൃഷ്ണന്, ജയപ്രസാദ്, എന്‍. സോമരാജന്, ദിനേശ്ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു.