കാഞ്ഞിരപ്പള്ളി: ഒരു സ്റ്റേഷനറിക്കട നമുക്കു നേരേ ഓടി വരികയാണോ? സംശയിക്കേണ്ട സ്റ്റേഷനറി കട തന്നെ. പക്ഷേ, ഓട്ടം വാഹനത്തിലാണെന്നു മാത്രം.
തന്റെ മുച്ചക്ര വാഹനത്തെ അണിയിച്ചൊരുക്കി ശരിക്കും ഒരു സ്റ്റേഷനറി കടയാക്കി മാറ്റിയിരിക്കുകയാണ് കാസിം എന്ന വയോധികൻ.
ഒരു അപകടത്തിൽ ഇടതു കാലിനു ഗുരുതര പരിക്കേറ്റതാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി പി.എം. കാസിമിനെ മുച്ചക്ര വാഹനത്തിൽ എത്തിച്ചത്.
എന്നാൽ, ഇപ്പോൾ അതിലൊരു ജീവിതം കരുപ്പിടിപ്പിച്ചു മാതൃകയായിരിക്കുകയാണ് കാസിം. സീറ്റിൽഒരാൾക്ക് ഇരിക്കാനുള്ള ഭാഗമൊഴിച്ച് ബാക്കിയുള്ളിടത്തെല്ലാം സാധനങ്ങൾ വിന്യസിച്ചാണ് സർവ്വത്രാദി എന്ന സഞ്ചരിക്കുന്ന കട ഒരുക്കിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമെല്ലാം കാസിമിന്റെ സഞ്ചരിക്കുന്ന സ്റ്റേഷനറി കട ഓടിയെത്തും.
തലച്ചുമടായി തുടക്കം
20-ാം വയസിൽ തലച്ചുമടായാണ് ആദ്യം കച്ചവടം തുടങ്ങിയത്. പാത്രക്കച്ചവടമായിരുന്നു പ്രധാനം. 1994ൽ ഉണ്ടായ ഓട്ടോറിക്ഷ അപകടം എല്ലാം തകിടംമറിച്ചു.
ഇടതുകാലിന്റെ തുടയിൽ ഗുരുതര പരിക്കേറ്റതോടെ തലച്ചുമടായുള്ള കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയാണ് സർക്കാർ സഹായത്തിൽ ലഭിച്ച മുച്ചക്ര സ്കൂട്ടറിൽ വീണ്ടും കച്ചവടം തുടങ്ങുന്നത്.
മൂന്നു വർഷമായി ഈ സഞ്ചരിക്കുന്ന സ്റ്റേഷനറി കടയാണ് കാസിമിന്റെ ലോകം. പരാശ്രയം കൂടാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ഇതിനു പിന്നിലെന്ന് ഇദ്ദേഹം പറയുന്നു.
കാലിനേറ്റ പരിക്കു മൂലം അഞ്ച് മിനിറ്റിൽ കൂടുതൽ നിൽക്കാനാകില്ല. അതുകൊണ്ട് ഒടിച്ചുമടക്കാവുന്ന കസേരയും വാഹനത്തിൽ കരുതിയിട്ടുണ്ട്.
മഴ പെയ്താൽ സാധനങ്ങൾ നനയാതിരിക്കാൻ പ്ലാസ്റ്റിക് പടുതയും കൈവശമുണ്ട്. ഭാര്യയും മകനും മകന്റെ കുടുംബവും അടങ്ങുന്നതാണ് കാസിമിന്റെ കുടുംബം.
കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൽ താൻ സന്തുഷ്ടനാണെന്നു കാസിം പുഞ്ചിരിയോടെ പറയുന്നു.