ബദിയടുക്ക: ഡോക്ടറെ കാണുന്നതിനായി തലശേരിയില്‍നിന്ന് മംഗളൂരുവിലെത്തിയ വയോധികന് ഗതാഗതസംവിധാനങ്ങള്‍ നിശ്ചലമായതോടെ കാല്‍നടയായി തിരിച്ചുപോകുന്നു.
തലശേരിയില്‍ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്ന കര്‍ണാടകയിലെ മദ്ദൂര്‍ സ്വദേശി രങ്കണ്ണയാണ് സഞ്ചിയില്‍ ഡോക്ടറുടെ കുറിപ്പടിയും മറ്റു രേഖകളുമായി കാല്‍നടയാത്ര നടത്തുന്നത്.
68കാരനായ രങ്കണ്ണ വിവിധ അസുഖങ്ങള്‍ മൂലം ഡോക്ടറെ കാണുന്നതിനായി കഴിഞ്ഞയാഴ്ചയാണ് ട്രെയിനില്‍ മംഗളൂരുവിലെത്തിയത്. രണ്ട് ദിവസം കാത്തുനിന്ന് ഡോക്ടറെ കണ്ടുകഴിയുമ്പോഴേക്കും ജനതാ കര്‍ഫ്യൂവും തൊട്ടുപിന്നാലെ ലോക്ക്ഡൗണുമായി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനുള്ള സാഹചര്യവുമുണ്ടായില്ലെന്ന് രങ്കണ്ണ പറയുന്നു.
സ്വന്തക്കാരൊന്നുമില്ലാത്ത മംഗളൂരുവില്‍ പെട്ടുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് തലശേരിയിലേക്ക് നടന്നെങ്കിലും തിരിച്ചുപോകാന്‍ തീരുമാനിച്ചത്. കൈയില്‍ സഞ്ചിയും ഭക്ഷണപൊതിയും ഊന്നുവടിയും കരുതിയിട്ടുണ്ട്.
വഴിവക്കില്‍ കാണുന്ന ക്ഷേത്രങ്ങളിലും മറ്റും കയറി വിശ്രമിക്കും. പിന്നീട് വീണ്ടും നടക്കും. തലശേരി ഗേള്‍സ് സ്കൂളിനു സമീപം തെരുവിലാണ് താമസം. മക്കളോ കുടുംബക്കാരോ ഒന്നുമില്ല.
അവിടെ തന്നെപ്പോലെ തെരുവില്‍ കഴിയുന്ന ഒരുപാടുപേര് കൂട്ടിനുണ്ട്. അതുകൊണ്ടുതന്നെ അവിടേക്കു തിരിച്ചെത്തിയാല്‍ വീടെത്തിയപോലെ ആകുമെന്ന് രങ്കണ്ണ പറയുന്നു.