കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ.
രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്.
നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.
രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു.
നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു.
നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.