തിരുവനന്തപുരം: കെഎസ്ആർടിസി പൊതുജനത്തിന്റെ സ്വത്താണെന്നും അവശ്യസൗകര്യ വിഭാഗത്തിൽ ഉൾപ്പെടുത്തി പാൽ, പത്രം, ആശുപത്രി എന്നിവ പോലെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നും കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി. ജനങ്ങളാണ് കെഎസ്ആർടിസി ബസുകളുടെ സംരക്ഷകരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ 3.35 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്. പ്രതിഷേധങ്ങളിൽ കെഎസ്ആർടിസി ബസുകൾ എറിഞ്ഞുതകർക്കുന്നത് ഒരു കീഴ്വഴക്കം പോലെയായിട്ടുണ്ട്.
സർക്കാർ ഓഫീസുകൾ കണ്ടെത്തി ആക്രമിക്കാനുള്ള ബുദ്ധിമുട്ടും റോഡിലൂടെ തങ്ങളുടെ അടുക്കലേക്ക് എത്തുന്ന കെഎസ്ആർടിസി ബസുകളെ ആക്രമിക്കാനുള്ള എളുപ്പവും ഇതിനു കാരണമായി. സാമൂഹിക പ്രതിബദ്ധതയിലൂന്നിയാണ് നല്ലൊരു ശതമാനം ബസുകളും സർവീസ് നടത്തുന്നത്.
ഇന്നു രാഷ്ട്രീയസമരങ്ങൾക്കും ഹർത്താലുകൾക്കും തീവ്രത കാണിക്കുന്നതിനുള്ള ഉപാധിയായി കെഎസ്ആർടിസി ബസുകൾ മാറി. ഒരു ഹർത്താലിന് 10 ബസുകൾ എറിഞ്ഞു തകർത്താൽ അടുത്തതിന് 50 ബസ് എങ്കിലും തകർക്കണമെന്ന ചിന്ത വന്നു. ഇപ്പോൾ ഹർത്താലുകളുടെ ഉദ്ഘാടനം നടത്തേണ്ട ചുമതലകൂടി കെഎസ്ആർടിസി ബസുകൾക്കാണ്. ഇക്കഴിഞ്ഞ ഹർത്താലിൽ ആക്രമിക്കപ്പെട്ട 87 ബസുകളും തലേന്ന് രാത്രിതന്നെ ആക്രമിക്കപ്പെട്ടു.
ചെറിയൊരു വിഭാഗം ജനങ്ങൾ ബസുകൾ എറിഞ്ഞു തകർക്കുമ്പോൾ ബസുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ദുരിതത്തിലാകുന്നത്. എന്നാൽ ആ ചിന്ത ആർക്കുമില്ല. ബസുകൾ എറിഞ്ഞു തകർക്കുന്നതിനു പകരം തടഞ്ഞിട്ടു പ്രതിഷേധിക്കുന്നതു ന്യായീകരിക്കാം. എന്നാൽ ബസുകൾ തകർത്തേ തീരൂ എന്ന വാശിയിലാണ് മിക്ക പ്രതിഷേധക്കാരും.
സ്വകാര്യ ബസുകൾ പോലെ അറ്റകുറ്റപ്പണികൾ തീർത്ത് കെഎസ്ആർടിസി ബസ് പിറ്റേന്നു തന്നെ ഇറക്കാനാകില്ല. ഇൻഷ്വറൻസ് കന്പനിയെ അറിയിക്കൽ, പോലീസ് റിപ്പോർട്ട് തയ്യാറാക്കൽ, എൻജിനിയറിംഗ് എസ്റ്റിമേറ്റ് തയ്യാറാക്കൽ, വർക്ക് ഓർഡർ നൽകൽ, ടെസ്റ്റ് ഫിറ്റിംഗ്സ് നടത്തൽ ഇങ്ങനെ പോകുന്നു കെഎസ്ആർടിസിയുടെ നൂലാമാലകൾ. ഈ ബസിനെ ആശ്രയിക്കുന്നവരാണ് ആഴ്ചകളോളം പെരുവഴിയിലാകുന്നത്.
ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്ത കെഎസ്ആർടിസി ബസുകളുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടത്തിയ പ്രതീകാത്മക വിലാപയാത്രയ്ക്ക് ലഭിച്ച ജനസമ്മതി വലിയ ഒരു മാറ്റമായാണ് കാണുന്നത്.
കെഎസ്ആർടിസി ബസുകൾക്കു കല്ലെറിയുന്നവരോട് ഭാര്യയെ തല്ലുന്നവരോടു തോന്നുന്ന പുച്ഛം സമൂഹത്തിനു തോന്നണം. ആ മാറ്റമാണ് ഉണ്ടാകേണ്ടത്-തച്ചങ്കരി കൂട്ടിച്ചേർത്തു.
റിച്ചാർഡ് ജോസഫ്