രജനികാന്തിനന്റെ ആരോഗ്യനിലയെ സംബന്ധിച്ച് നടി കസ്തൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച അഭിപ്രായങ്ങള്‍ രജനികാന്തിന്റെ ഔദ്യോഗിക വ്യക്താവ് തന്നെ നിഷേധിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അമേരിക്കയിലേക്ക് പോയിരുന്നു. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങളുടെ കൂടെയായിരുന്നു യാത്ര. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ കസ്തൂരി, സോഷ്യല്‍ മീഡിയയില്‍ കുറേയേറെ സംശയങ്ങളുന്നയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് രജിനി പോയതെന്നാണ് കസ്തൂരി സംശയിച്ചത്.
ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അനുമതിയോടെയാണ് രജിനി അമേരിക്കയിലേക്ക് പോയതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യയില്‍ ചികിത്സ ലഭിക്കില്ലേ എന്ന് കസ്തൂരി ചോദിച്ചു.
ഇതിന് തൊട്ടുപിന്നാലെ രജിനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. തുടര്‍ന്ന് രജിനിയുടെ കുടുംബാംഗങ്ങള്‍, ആരോഗ്യ കാര്യങ്ങള്‍ തന്നോടു സംസാരിച്ചുവെന്ന് കസ്തൂരി അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആകുലപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം തിരികെ വരുന്നത് കാത്തിരിക്കുകയാണെന്നും കസ്തൂരി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ രജിനിയുടെ വക്താവ് റിയാസെ കെ. അഹമ്മദ് താരത്തിനന്റെ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത് വന്നു.
രജിനിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആരെയും വിളിച്ചിട്ടില്ലെന്നും ഒരു തരത്തിലുമുള്ള വിശദീകരണവും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
തൊട്ടുപിന്നാലെ തന്നെ വിളിച്ചത് സംഗീത സംവിധായകന് ഗംഗൈ അമരനായിരുന്നു എന്ന് കസ്തൂരി വെളിപ്പെടുത്തി. തുടര്‍ന്ന് കസ്തൂരിയെ ചോദ്യം ചെയ്തും പരിസഹിച്ചും ഒട്ടനവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.
ഗംഗൈ അമരന് എന്നാണ് രജിനിയുടെ കുടുംബാംഗമായതെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്നും വിമര്‍ശനങ്ങളുയര്‍ന്നു.