മുംബൈ: ഐലീഗ് ഫുട്ബോളിലെ മലയാളി ക്ലബ്ബായ ഗോകുലം എഫ്സിക്കും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിനും തിരിച്ചടി. കളിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഗോകുലത്തിന്റെ ബ്രസീൽ താരം ഗില്ലെർമെ കാസ്ട്രോയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു വർഷത്തേക്ക് വിലക്കി. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന് ആറു മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു.
ഒരു വർഷം വിലക്കിനൊപ്പം കാസ്ട്രോയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയുമുണ്ട്. ഐലീഗിലോ ഇന്ത്യയിലോ ഒരു വർഷം ഫുട്ബോൾ കളിക്കാൻ കാസ്ട്രോയ്ക്ക് കഴിയില്ല. ഷില്ലോംഗ് ലജോംഗിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും മുഖത്ത് തുപ്പിയെന്നും തെളിഞ്ഞതിനാലാണ് വിലക്ക്.
ജോബി ജസ്റ്റിന് വിലക്കിനൊപ്പം ഒരു ലക്ഷം രൂപ പിഴയുമുണ്ട്. ഐസ്വാളിനെതിരായ മത്സരത്തിൽ അവരുടെ പ്രതിരോധ താരം കരീം നൂറെയ്ന്റെ മുഖത്ത് തുപ്പിയതിനാണ് നടപടി. നൂറെയ്ന് ആറു മത്സരങ്ങളിൽ നിന്ന് വിലക്കും ഒരു ലക്ഷം രൂപ പിഴയുമുണ്ട്.