തെലുങ്ക് നടൻ കിടക്കപങ്കിടാൻ തന്നെ ക്ഷണിച്ചുവെന്ന വ്യാജവാർത്തയ്ക്കെതിരേ പൊട്ടിത്തെറിച്ച് തമിഴ് നടി കസ്തൂരി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ നടനെതിരേ രൂക്ഷവിമർശനവുമായി കസ്തൂരി എന്ന തലക്കെട്ടോടെയാണ് ചില തമിഴ് മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ താൻ അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ അച്ചടിച്ചു വന്നത് വ്യാജ ആരോപണമാണെന്നും കസ്തുരി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് കസ്തൂരിയുടെ പ്രതികരണം.
വനിതാ ദിനത്തിന്റെ ഭാഗമായാണ് കസ്തൂരി ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അഭിമുഖം നൽകിയത്. ഒരുപാട് കാര്യങ്ങൾ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വന്നത്. ഇത്തരം മോശമായ പ്രചാരണങ്ങൾക്ക് ഞാൻ മറുപടി നൽകാറില്ല. സിനിമയിൽ സജീവമായിരുന്ന കാലത്തുപോലും അങ്ങനെ ചെയ്തിട്ടില്ല. ഇത് തന്റെ കുടുംബത്തെ വരെ ബാധിച്ചുവെന്നും കസ്തൂരി പറഞ്ഞു. ഒരു പ്രശസ്തമായ ഇംഗ്ലീഷ് പത്രം ഇങ്ങനെ എഴുതിപ്പിടിപ്പിച്ചാൽ ചെറിയ വെബ്സൈറ്റുകൾ വെറുതെ ഇരിക്കുമോയെന്ന് കസ്തുരി ചോദിച്ചു.അവരും മസാല ചേർത്ത് അതിലും മോശമാക്കി മാറ്റി. താൻ കൊടുത്ത യഥാർഥ അഭിമുഖം ഫേസ്ബുക്ക് പേജിലുണ്ട്, അത് എല്ലാർക്കും പരിശോധിക്കാമെന്നും കസ്തൂരി കൂട്ടിച്ചേർത്തു.