തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്യു നേതാവിനെതിരെ പീഡനക്കേസ്.
ലോ അക്കാദമി മുൻ ചെയർമാനും കെഎസ്യു യൂണിറ്റ് ഭാരവാഹിയുമായ ആഷിഖ് മുഹമ്മദിനെതിരെ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പോലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയും കെഎസ്യു പ്രവര്‍ത്തകയാണ്. ജൂണ്‍ 14ന് മീറ്റിംഗിനെന്ന് പറഞ്ഞ് വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വച്ച് തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് നല്കി ബോധരഹിതയാക്കി തന്നെ പീഡിപ്പിച്ചുവെന്നുമാണ് പരാതി.
പീഡന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍ 16 വരെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തന്റെ ആഭരണങ്ങള്‍ ആഷിഖ് കൈവശപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കൂടാതെ ഇതേക്കുറിച്ച് പരാതി നല്കിയാല് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ആഷിഖ് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.