കൊച്ചി: 380 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്ഥയിൽ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു “കാശ്വി’ക്ക് എറണാകുളം ലൂർദ് ആശുപത്രിയിലെ മെഡിക്കൽ സംഘം രക്ഷകരായി. നവജാത ശിശുരോഗവിദഗ്ധൻ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ നൂതന ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ജീവൻ സാധാരണനിലയിലെത്തിച്ചു. പൂർണ ആരോഗ്യത്തോടെ കുഞ്ഞും അമ്മയും ആശുപത്രി വിട്ടു.
ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിനു ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് ഒന്നരക്കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. മേയ് ഒന്നിനാണ് ഉത്തർപ്രദേശ് സ്വദേശിയും ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡിഎൻബി മെഡിക്കൽ വിദ്യാർഥികൂടിയായ ഡോ. ദിഗ് വിജയ്യുടെ ഭാര്യ ശിവാങ്കി മാസം തികയാതെ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഗർഭം ധരിച്ച് 23 ആഴ്ചയേ ആയിരുന്നുള്ളു.
സാധാരണനിലയിൽ രണ്ടരക്കിലോഗ്രാം ഭാരം വേണ്ടിടത്തു 380 ഗ്രാം മാത്രയിരുന്നു കുഞ്ഞിന്റെ ഭാരം. അവയവങ്ങൾക്കാകട്ടെ വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല. തനിയെ ശ്വാസോച്ഛ്വാസം എടുക്കാൻ പ്രയാസം നേരിട്ട കുഞ്ഞിനു ഹൃദയസ്പന്ദനത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു.
ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽനിന്നാണു കുഞ്ഞിനെ സാധാരണനിലയിലെത്തിച്ചത്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളുളള അഡ്വാൻസ്ഡ് സെന്റർ ഫോർ നിയോനേറ്റൽ കെയർ ഐസിയുവിൽ കിടത്തിയായിരുന്നു പരിചരണങ്ങൾ.
16 ദിവസത്തിനുശേഷം സ്വയം ശ്വാസമെടുക്കുന്ന നിലയിലേക്കു കുട്ടി എത്തി. തുടർന്നു നിയോനേറ്റൽ ഐസിയുവിലെ ബബിൾ സി പാപ്പിലും പിന്നീടു രണ്ടു മാസത്തോളം ഇൻക്യുബേറ്ററിലും കഴിഞ്ഞു.
കഴിഞ്ഞ ഏഴിന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. നൂട്രീഷണൽ തെറാപ്പി, ഡെവലപ്പ്മെന്റ് സപ്പോർട്ടീവ് കെയർ, കംഗാരു മദർ കെയർ തുടങ്ങി നൂതന ചികിത്സാ രീതികളിലൂടെയാണ് കുഞ്ഞിന്റെ ജീവൻ സാധാരണ നിലയിലേക്ക് എത്തിച്ചതെന്നു ലൂർദ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസെർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹൈദരാബാദിലായിരുന്നു ഇതിനുമുൻപ് ഇന്ത്യയിലെ ഏറ്റവും ഭാരകുറഞ്ഞ നവജാത ശിശുവിന്റെ ജനനം റിപ്പോർട്ട് ചെയ്തത്. കാശ്വിയെക്കാൾ അഞ്ച് ഗ്രാം തൂക്കക്കുറവാണ് ആ കുഞ്ഞിന് ഉണ്ടായിരുന്നത്. പത്രസമ്മേളനത്തിൽ ഡോ. പോൾ പുത്തൂരാൻ, കുട്ടിയുടെ പിതാവ് ഡോ. ദിഗ് വിജയ്, ഡോ. റോജോ ജോയി, ഡോ. വർഗീസ് ചെറിയാൻ എന്നിവരും പങ്കെടുത്തു.